വയനാട്: ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം.
വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ പൊലീസ് സേനയെ വിന്യസിക്കുമെന്നും ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ഇറക്കിയ ഉത്തരവിറല് അറിയിച്ചിട്ടുണ്ട്.
