-ആദ്യ ഷോറൂം ഓഗസ്റ്റ് 21-ന് ചെന്നൈ ടി. നഗറിലെ പനഗല്‍ പാര്‍ക്കില്‍, ഈ വര്‍ഷം തമിഴ്നാട്ടില്‍ 5 സ്റ്റോറുകള്‍ തുറക്കും
കൊച്ചി: കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ ലിമിറ്റഡ് ആദ്യ പ്രാദേശിക ആഭരണ ബ്രാന്‍ഡായ ‘അക്ഷയ തങ്ക മാളിഗൈ’ (എടിഎം) അവതരിപ്പിച്ചു. തമിഴ്നാടിനെ ലക്ഷ്യമിട്ടുള്ള പുതിയ ബ്രാന്‍ഡിന്റെ പേര്, ലോഗോ, വിപണിയെ ലക്ഷ്യമിടുന്ന പദ്ധതികള്‍ എന്നിവ കമ്പനി ഇതാദ്യമായി പ്രഖ്യാപിച്ചു. കല്യാണ്‍, കാന്‍ഡെയര്‍ എന്നിവയ്ക്ക് പുറമെ പ്രാദേശിക, ജനകീയ ആഭരണ ബ്രാന്‍ഡ് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് നേരത്തെ സൂചിപ്പിച്ചിരുന്നു.
എടിഎമ്മിന്റെ ആദ്യ ഷോറൂം ഓഗസ്റ്റ് 21-ന് ചെന്നൈയിലെ പ്രമുഖ ആഭരണ വിപണിയായ ടി. നഗറിലെ പനഗല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ടീസര്‍ പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിശ്വാസവും പ്രാദേശിക താല്പര്യങ്ങളും നിര്‍ണായകമാകുന്ന ഈ മേഖലയില്‍, പുതിയ ബ്രാന്‍ഡിന് വേഗത്തില്‍ ജനപ്രീതി നേടുന്നതിനായി തമിഴ് ചലച്ചിത്ര താരം ശിവകാര്‍ത്തികേയനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
നിലവിലുള്ള കല്യാണ്‍, കാന്‍ഡിയര്‍ ബ്രാന്‍ഡുകള്‍ക്ക് പുറമെ, പ്രാദേശിക ആഭരണ ബ്രാന്‍ഡുകളോട് താല്പര്യമുള്ള ഉപഭോക്താക്കളെക്കൂടി ലക്ഷ്യമിട്ടാണ് കല്യാണ്‍ ജുവലേഴ്സ് പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. വിപണി കൂടുതല്‍ വിപുലമാക്കാന്‍ ഇത് സഹായിക്കും.
കല്യാണിന്റെ പാന്‍ഇന്ത്യന്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി, തമിഴ്നാട്ടിലെ ഉപയോക്താക്കള്‍ക്കായി പൂര്‍ണമായും രൂപകല്‍പ്പന ചെയ്തതാണ് ‘അക്ഷയ തങ്ക മാളിഗൈ’. തമിഴ്നാട്ടിലെ ഉപഭോക്താക്കളുടെ അഭിരുചികള്‍ക്ക് അനുസൃതമായി, പ്രാദേശിക ആവശ്യങ്ങള്‍ക്കും വാങ്ങല്രീതികള്ക്കും അനുയോജ്യമായ രൂപകല്‍പ്പനകളും ഭാരവും വിലയും അനുസരിച്ചായിരിക്കും ആഭരണങ്ങള്‍ ലഭ്യമാക്കുക. കല്യാണിന്റെ സ്വന്തം സ്റ്റോര്‍ ശൃംഖലകളോട് മത്സരിക്കുന്നതിന് പകരം പ്രദേശത്തെ മറ്റ് പ്രമുഖ ആഭരണ ശൃംഖലകളോടാകും എടിഎം നേരിട്ട് മത്സരിക്കുക.
തദ്ദേശീയമായ അഭിരുചികള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയ പ്രാദേശിക വിപണികള്‍ വിപുലമായ ദീര്‍ഘകാല വളര്‍ച്ചാസാധ്യതകള്‍ നല്‍കുമെന്ന വിശ്വാസമാണ് അക്ഷയ തങ്ക മാളിഗൈ പ്രതിഫലിപ്പിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ വിപണികളിലൊന്നാണ് തമിഴ്നാട് എന്നതാണ് ആദ്യ പ്രാദേശിക ബ്രാന്‍ഡിനായി തമിഴ്നാട് തിരഞ്ഞെടുക്കാന്‍ കാരണം. തമിഴ് പാരമ്പര്യവും തനിമയും കല്യാണ്‍ ജൂവലേഴ്സിന്റെ സോഴ്സിംഗ് കഴിവുകളും ഗുണമേന്മയും ഉപയോക്താക്കള്‍ക്ക് മുന്‍തൂക്കം നല്കുന്ന സമീപനവുമായി സംയോജിപ്പിച്ച്, ഫ്രാഞ്ചൈസി മാതൃകയിലൂടെ സംസ്ഥാനത്തുടനീളം മികച്ച വളര്‍ച്ച കൈവരിക്കാന്‍ എടിഎമ്മിന് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ ഈ പദ്ധതി വിജയകരമാക്കിയ ശേഷം മറ്റ് വിപണികളിലേക്കും സമാനമായ പ്രാദേശിക ബ്രാന്‍ഡുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് കല്യാണ്‍ ജൂവലേഴ്സ് ആലോചിക്കും.
