Home » Blog » Kerala » മലയിടിഞ്ഞ് ദുരന്തം; ചൈനയിൽ എട്ടുപേർ മരിച്ചു, കാണാതായവർക്കായി തെരച്ചിൽ
IMG_20260718_172908

തെക്കുപടിഞ്ഞാറൻ ചൈനീസ് നഗരമായ ചോങ്‌ക്വിങ്ങിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ട് പേർ കൊല്ലപ്പെട്ടു. ദുരന്തത്തിൽ 34 പേരെ കാണാതാവുകയും നിരവധി ജനവാസ കെട്ടിടങ്ങൾ പൂർണ്ണമായി മണ്ണിനടിയിലാവുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോങ്‌ക്വിങ്ങിലെ പെങ്‌ഷുയി മിയാവോ, തുജിയ ഓട്ടോണമസ് കൗണ്ടിയിൽ വുജിയാങ് നദിക്കരയിലാണ് ജൂലൈ 17, വെള്ളിയാഴ്ച്ചയായിരുന്നു ദാരുണമായ പ്രകൃതിദുരന്തമുണ്ടായത്. മണ്ണും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണ പ്രദേശത്തുനിന്നും ഇതിനകം ആയിരത്തിലധികം ആളുകളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

 

ദുരന്തസ്ഥലത്ത് എണ്ണൂറിലധികം രക്ഷാപ്രവർത്തകർ അത്യാധുനിക സജ്ജീകരണങ്ങളോടെ തിരച്ചിൽ തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പത്തുപേരെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചതായും ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ വാർത്താ ഏജൻസി വ്യക്തമാക്കി. കൂടുതൽ അപകടങ്ങളും തടസ്സങ്ങളും ഉണ്ടാകാതിരിക്കാൻ മുൻകരുതലിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വെള്ളം, വൈദ്യുതി, ഗ്യാസ് വിതരണങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചിരിക്കുകയാണ്. കാണാതായവർക്കായുള്ള തിരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.