സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി പദവി നൽകാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിൽ നിന്ന് രാജ്കുമാർ എന്ന വ്യക്തിയാണെന്ന് പരിചയപ്പെടുത്തിയാണ് ജൂലൈ 6-ന് എം.എൽ.എയ്ക്ക് വാട്സ്ആപ്പ് കോൾ എത്തിയത്. കോഴിക്കോട് ജില്ലയിലെ മറ്റൊരു എം.പി തന്ന നമ്പറാണെന്ന് പറഞ്ഞ് ഇംഗ്ലീഷിലായിരുന്നു തട്ടിപ്പുകാരന്റെ സംസാരം. സംഭവത്തിൽ സംശയം തോന്നിയ എം.എൽ.എ പണം നൽകാമെന്ന് വ്യാജേന സമ്മതിക്കുകയും തുടർന്ന് പാർട്ടി നേതൃത്വവുമായി ബന്ധപ്പെടുകയുമായിരുന്നു.
എ.ഐ.സി.സി ആസ്ഥാനത്ത് നിന്നും പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിൽ നിന്നും ഇത്തരമൊരു കോൾ പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 11-ന് എം.എൽ.എ സൈബർ സെല്ലിൽ ഔദ്യോഗികമായി പരാതി നൽകിയത്. ഡൽഹിയിൽ നിന്നാണ് ഈ കോൾ വന്നതെന്ന് സൈബർ സെൽ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് ചില എം.എൽ.എമാരെയും തട്ടിപ്പുകാർ ഇതേ രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ടിയാണ് നേതൃത്വത്തിന്റെ അറിവോടെ പരാതി നൽകിയതെന്ന് വിദ്യാ ബാലകൃഷ്ണൻ വ്യക്തമാക്കി.
തട്ടിപ്പിനോട് പ്രതികരിച്ച എം.എൽ.എ, കേരളത്തിലെ ഒരു ജനപ്രതിനിധിയോടാണ് സംസാരിക്കുന്നത് എന്ന മിനിമം ബോധമെങ്കിലും തട്ടിപ്പുകാർക്ക് ഉണ്ടാകണമായിരുന്നു എന്ന് പരിഹസിച്ചു. എല്ലാ ആളുകളെയും പറ്റിക്കുന്നതുപോലെ കേരളത്തിലുള്ളവരെ പറ്റിക്കാമെന്ന് അവർ കരുതേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രിസഭാ രൂപവത്കരണം കഴിഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്ത് വന്ന് ഇത്തരം തട്ടിപ്പുകൾക്ക് ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. എന്നാൽ, സാധാരണക്കാരായ ഒരുപാട് ആളുകൾ ഇത്തരം തട്ടിപ്പുകളിൽ വീണുപോകാൻ സാധ്യതയുള്ളതിനാലാണ് പരാതി നൽകിയതെന്നും, അന്വേഷണം കൃത്യമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
