തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അശ്ലീലമായ ചിത്രീകരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൺലൈൻ മാധ്യമങ്ങളെയും ക്യാമറക്കണ്ണുകളെയും നിയന്ത്രിക്കാൻ കടുത്ത നിയമനിർമ്മാണം പരിഗണനയിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അടുത്തിടെ കൊല്ലത്തെ ഒരു സ്കൂളിൽ പരിപാടിക്കിടെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തിക്കൊണ്ടാണ് നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. ഓൺലൈൻ മാധ്യമങ്ങളെയും ക്യാമറ കണ്ണുകളെയും നിയന്ത്രിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
“ഒരു മന്ത്രിയായ എനിക്കുപോലും ഈ സമൂഹത്തിൽ സുരക്ഷിതത്വമില്ലായ്മ തോന്നുന്നുവെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും അവസ്ഥ എന്താകും?”- മന്ത്രി ചോദിച്ചു. കൊല്ലത്തെ ഒരു സ്കൂളിൽ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. താൻ അറിയാതെ അവിടെയിരുന്ന ഒരാൾ തന്റെ മുഖം ഒഴിവാക്കി ശരീരത്തിന്റെ ചിത്രം മൊബൈൽ ക്യാമറയിൽ സൂം ചെയ്ത് പകർത്തി. തൊട്ടുപിന്നിൽ നിന്ന ആൾ ഇത് കണ്ട് പ്രശ്നമുണ്ടാക്കുകയും ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തെങ്കിലും, പകർത്തിയ ദൃശ്യങ്ങൾ പിന്നീട് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ വഴി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും ഇതിനകം തന്നെ പലരും ചിത്രത്തിന്റെ സ്ക്രീൻഷോട്ടുകൾ എടുത്ത് ബന്ധപ്പെട്ട മാനേജ്മെന്‍റിനെയൊക്കെ അറിയിച്ചവെന്നും മന്ത്രി വ്യക്തമാക്കി.
