Home » Blog » kerala Max » വിയറ്റ്നാം ദുരന്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും
viyatt-696x378

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിൽ എത്തിക്കും. വിയറ്റ്‌നാം എയർലൈൻസിന്റെ VN 979 വിമാനത്തിൽ വൈകിട്ട് 6 മണിയോടെ വിയറ്റ്‌നാമിൽ നിന്നും പുറപ്പെടുന്ന മൃതദേഹങ്ങൾ രാത്രി 9.35-ഓടെ മുംബൈ വിമാനത്താവളത്തിലെത്തും.

മുംബൈയിൽ എത്തുന്ന മൃതദേഹങ്ങൾ നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. ഇതിനാവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാരുമായി ഏകോപിപ്പിച്ച് വിദേശകാര്യ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് തുടർന്ന് ജന്മനാടായ കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങൾ എത്തിക്കും. അപകടത്തിൽപെട്ട പതിനഞ്ച് ഇന്ത്യക്കാരിൽ ഉൾപ്പെട്ടവരാണ് ഇവർ.

ഒരു മെഡിക്കൽ കമ്പനിയുടെ സ്പോൺസേർഡ് വിനോദയാത്രയുടെ ഭാഗമായാണ് എ.സി. തോമസും ലൗനിയും വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ചത്. ഏഴാം തീയതി നാട്ടിൽ നിന്നും യാത്രയായ ഇവർ ചെന്നൈ വഴി വിമാനമാർഗ്ഗമാണ് വിയറ്റ്‌നാമിലെത്തിയത്. യാത്രയിലുടനീളം കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവർ, ബോട്ട് യാത്രയ്ക്ക് തൊട്ടുമുമ്പ് തങ്ങളുടെ സന്തോഷം കുടുംബ ഗ്രൂപ്പിൽ സന്ദേശമായി പങ്കുവെച്ചിരുന്നു. ഈ സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.