Home » Blog » kerala Max » ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് അനുമതി; അയോഗ്യത ഒഴിവാക്കാൻ സർക്കാർ ഇടപെടൽ
sugathan-680x450

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താൻ സർക്കാർ അനുമതി നൽകി. കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്നതിനാൽ സുഗതനെ പുറത്തിറക്കാൻ കഴിയില്ലെന്നും, അതിനാൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ക്രമീകരിക്കാമെന്നും ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും.

സത്യപ്രതിജ്ഞാ ചടങ്ങിനായി താൽക്കാലികമായി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്. നാളെ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും, വിഷയം ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ എതിർത്തതോടെയാണ് സുഗതൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ള 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കാപ്പ ചുമത്തി ജയിലിലായതിനാൽ മറ്റ് കൗൺസിലർമാർക്കൊപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് കഴിഞ്ഞിരുന്നില്ല. ആറുമാസത്തെ കാപ്പ തടവ് ഉപദേശക സമിതി ശരിവെച്ചതിനാൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാനും അദ്ദേഹത്തിന് സാധിക്കില്ല. കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ സുഗതൻ അയോഗ്യനാക്കപ്പെടും, ഇത് കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാകും.