Home » Blog » Kerala » രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ട് ബിജെപിയില്‍ പടയൊരുക്കം ശക്തം
11

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തുവന്നതോടെ ബിജെപിയില്‍ പടയൊരുക്കം ശക്തമാകുന്നു. ഫണ്ട് വെട്ടിപ്പ് ആയുധമാക്കി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് എതിരേയുള്ള ലോബി കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. ഫണ്ട് വിവാദം രാജീവ് ചന്ദ്രശേഖറിന് എതിരേയുള്ള ആയുധമാക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ലോബിയുടെ ലക്ഷ്യം. ബിജെപിയില്‍ അണഞ്ഞുകിടക്കുന്ന ഗ്രൂപ്പ് വഴക്കുകള്‍ ഫണ്ട് വെട്ടിപ്പിനെ തുടര്‍ന്ന് തലപൊക്കിയിട്ടുമുണ്ട്.

ബിജെപിയിലെ ഒരു വിഭാഗമാണ്‌ അടുത്തിടെയുണ്ടായ വിവാദങ്ങൾക്കുപിന്നിലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം ഫണ്ട് വെട്ടിപ്പില്‍ കര്‍ശന നടപടികള്‍ക്കാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഈ വാര്‍ത്ത പുറത്തെത്തിച്ച നേതാക്കള്‍ ആരെന്ന് കണ്ടുപിടിക്കാനും പാര്‍ട്ടിയില്‍ രഹസ്യ അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് ഈ അന്വേഷണവും നടക്കുന്നത്. കുമ്മനം സമിതിയുടെ റിപ്പോര്‍ട്ട് വന്നാല്‍ കുറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടിയുണ്ടാകും.

കുമ്മനം രാജശേഖരനും പി.കെ.കൃഷ്ണദാസുമാണ് അന്വേഷണ കമ്മിറ്റിയിലുള്ളത്. സാമ്പത്തിക തിരിമറിയുടെപേരിൽ മൂന്നുനേതാക്കളെ പുറത്താക്കിയെന്ന സര്‍ക്കുലര്‍ വ്യാജമാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. അതുകൊണ്ട് ഇതിന്റെ പിന്നില്‍ ആരെന്ന അന്വേഷണവും ഒപ്പം നടക്കുന്നുണ്ട്. കേരളത്തില്‍ ഒരു തരത്തിലും വിമത നീക്കം അനുവദിക്കേണ്ടതില്ല എന്ന കര്‍ശന നിലപാട് കേന്ദ്ര നേതൃത്വം ആദ്യം തന്നെ കൈക്കൊണ്ടിട്ടുണ്ട്. അതിനാല്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുകയും ചെയ്യും. വിമത നീക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേതൃതലത്തില്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എത്തിച്ച പണത്തില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായി കേന്ദ്ര നേതൃത്വത്തിനു അറിയാം. കൊടകര കുഴല്‍പ്പണക്കേസ് വെളിയില്‍ വന്നത് അന്നത്തെ സംസ്ഥാന നേതൃത്വത്തിനു നാണക്കേടായി മാറുകയും ചെയ്തിരുന്നു. ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ച പണം കാര്‍ തടഞ്ഞ് നിര്‍ത്തി ക്വട്ടേഷന്‍ സംഘം അപഹരിച്ചതിന്റെയും ഉള്ളുകള്ളികള്‍ അന്നേ കേന്ദ്രനേതൃത്വം മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി ഫണ്ട് വെട്ടിപ്പിനു തടയിടാന്‍ മുന്നൊരുക്കങ്ങള്‍ ഏറെ നടത്തിയിരുന്നു. ഇതെല്ലാം മറികടന്നാണ് ബിജെപി കൊടികള്‍ വാങ്ങിയതില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നത്.

രണ്ട് കോടിയോളം നല്‍കിയാണ്‌ ഉത്തരേന്ത്യന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്. ഈ ഉത്തരേന്ത്യന്‍ കമ്പനിയില്‍ നിന്നും നേതാക്കള്‍ കമ്മിഷന്‍ അടിക്കുകയായിരുന്നു. ഉത്തരേന്ത്യന്‍ കമ്പനി കേരള നേതാക്കളുടെതാണെന്ന വിവരം പുറത്തുവന്നതോടെ ആരോപണം കനക്കുകയും ചെയ്തു. കൊടി വാങ്ങാന്‍ പല കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ഏറ്റവും കുറഞ്ഞ പണം ക്വാട്ട് ചെയ്തത് ഉത്തരേന്ത്യന്‍ കമ്പനിയായിരുന്നു. എന്നാല്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ക്വട്ടേഷന്‍ സംബന്ധമായ കാര്യങ്ങള്‍ അറിയാമായിരുന്നു. ഈ വിവരമാണ് ഉത്തരേന്ത്യന്‍ കമ്പനിക്ക് ലഭിച്ചത് എന്ന വിവരവും പുറത്തുവന്നിരുന്നു. ഈ രണ്ട് കോടിരൂപയുടെ കൊടികള്‍ക്ക് പുറമേ കേന്ദ്ര നേതൃത്വവും രണ്ട് കോടി രൂപയുടെ കൊടികള്‍ അയച്ചു. ഈ തുക നല്‍കാതിരിക്കാന്‍ നീക്കം നല്‍കിയെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് തുക നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ നാല് കോടി രൂപയുടെ ബിജെപി കൊടികളും തിരഞ്ഞെടുപ്പ് പ്രചാരണ സാധനങ്ങളുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ഘടകത്തിന്റെ കൈവശമെത്തിയത്.

ഹെലികോപ്റ്ററും കാറുകളും ഓടിയ വകയിലും വി.ഐ.പി. താമസം, ഭക്ഷണം, യാത്ര, എന്നിവയിലും ബിജെപി സോഷ്യല്‍ മീഡിയ പ്രചാരണത്തിനു അനുവദിച്ച തുകയിലും വ്യാപക വെട്ടിപ്പ് നടത്തിയെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. എന്തായാലും ബിജെപി കേരള ഘടകം തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന്റെ പേരില്‍ പുകച്ചിലില്‍ തന്നെയാണ്. കടുത്ത നടപടികള്‍ എടുക്കുമെന്ന സന്ദേശമാണ് നേതൃത്വം പുറത്തുവിട്ടതും. എന്തൊക്കെ നടപടികള്‍ എന്ന് അടുത്തിടെ തന്നെ വ്യക്തമാകും.