Home » Blog » Kerala » സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് വിളിച്ചുവരുത്തി, ഭീഷണിപ്പെടുത്തി നാല് പവന്റെ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
7

തൃശൂർ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി നാല് പവന്റെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് ഹമിഷദാസ് (25) ആണ് പീച്ചി പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി പീച്ചി ഡാമിൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ഡാമിന്റെ പാർക്കിങ് ഏരിയയിൽനിന്ന് യുവാവിന്റെ കഴുത്തിൽ കിടന്ന മാല ഊരിവാങ്ങി ധരിച്ചു. ഇത് എതിർത്ത യുവാവിനെ ബഹളം വെച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും കൈവശപ്പെടുത്തിയശേഷം യുവതി മുങ്ങുകയായിരുന്നു.

പീച്ചി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കി പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ ജിനോ പീറ്റർ, അസി. സബ് ഇൻസ്പെക്ടർ ഗീത, സിവിൽ പൊലീസ് ഓഫിസർ നിധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.