Home » Blog » Kerala » ക്ലാസ്മുറിയിൽ മണിക്കൂറുകളോളം കുടുങ്ങി വിദ്യാർത്ഥി; സ്കൂളിലെ 9 ജീവനക്കാർക്ക് സസ്പെൻഷൻ
Classroom-Management-for-an-Effective-Learning-Environment-768x512

ബനിഹാൾ: വേനലവധിക്ക് സ്കൂൾ അടച്ചുപൂട്ടി ജീവനക്കാർ മടങ്ങിയപ്പോൾ, ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മണിക്കൂറുകളോളം ഇരുട്ടിൽ കുടുങ്ങി. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലുള്ള ബനിഹാൾ ക്രാവായിലെ സർക്കാർ സ്കൂളിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി രംഗത്തെത്തിയ വിദ്യാഭ്യാസ വകുപ്പ്, സ്കൂളിലെ 9 ജീവനക്കാരെ സസ്പെൻഡ് ചെയ്തു.15 ദിവസത്തെ വേനൽക്കാല അവധിക്കായി ജൂലൈ നാലിനാണ് സ്കൂൾ അടച്ചത്. ക്ലാസ് മുറിയിൽ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ജീവനക്കാർ മുറികളെല്ലാം പൂട്ടി പോവുകയായിരുന്നു.

 

ഉറക്കം ഉണർന്നപ്പോൾ ക്ലാസ് മുറിയിൽ ഒറ്റപ്പെട്ടെന്ന് മനസ്സിലായ കുട്ടി ഭയന്ന് നിലവിളിച്ചെങ്കിലും സ്കൂളിൽ ആരുമുണ്ടായിരുന്നില്ല. ഒടുവിൽ രാത്രി എട്ട് മണിയോടെ സ്കൂളിന് സമീപത്തുകൂടി കടന്നുപോയ ഒരു കാൽനട യാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്. ഇയാൾ ക്ലാസ് മുറിയുടെ ജനലിലൂടെ കുട്ടിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ വീഡിയോ വൈറലാവുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് അധ്യാപകരും അധികൃതരും വിവരം അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് എജ്യുക്കേഷൻ ഓഫീസർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. കുട്ടിയുടെ സുരക്ഷ പൂർണ്ണമായും അപകടത്തിലാക്കുന്ന രീതിയിലാണ് ജീവനക്കാർ പെരുമാറിയതെന്ന് സമിതി കണ്ടെത്തുകയും, ജൂലൈ 6 തിങ്കളാഴ്ച ഇവർക്കെതിരെ കൂട്ടനടപടി സ്വീകരിച്ച് ഉത്തരവിറക്കുകയുമായിരുന്നു. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഒൻപത് പേരാണ് നിലവിൽ സസ്പെൻഷനിലായത്.