Home » Blog » kerala Max » മുന്നറിയിപ്പുകൾ തള്ളി അശാസ്ത്രീയ നിർമ്മാണം; കള്ളാടി ദുരന്തത്തിൽ നിർണ്ണായക പിഡബ്ല്യുഡി രേഖകൾ പുറത്ത്
Screenshot_20260707_152941

വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമാണെന്ന് വ്യക്തമായിരിക്കുകയാണ്. മീനാക്ഷിപാലത്തിന് സമീപത്തെ പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് മഴക്കാലത്ത് സോയിൽ പൈപ്പിംഗ്, സ്ലോപ്പ് സ്റ്റെബിലിറ്റി തുടങ്ങിയ പ്രതിഭാസങ്ങളിലൂടെ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ 25-ന് ചേർന്ന അവലോകന യോഗത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കി കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട യോഗ മിനിറ്റ്സ് വ്യക്തമാക്കുന്നു.

തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ നൽകിയിട്ടും മണ്ണ് നീക്കം ചെയ്യുന്നതിൽ വലിയ പാളിച്ചകൾ സംഭവിച്ചുവെന്നും, ഇക്കാര്യം കൊങ്കൺ റെയിൽവേ അധികൃതരെ നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു. ടൗൺഷിപ്പ് ഭാഗത്തും സമാനമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, മണ്ണ് നീക്കം ചെയ്യാതിരുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തുരങ്കപാത നിർമ്മാണം നടക്കുന്ന പ്രദേശത്തെ പ്രവൃത്തികൾ തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.