എസ്എഫ്ഐ നേതാവ് അഭിമന്യു വധത്തില്‍ വിവാദ പ്രസംഗവുമായി എം.എം.മണി. അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കിൽ ഒരുത്തനെയും പൊറുപ്പിക്കില്ലായിരുന്നുവെന്നാണ് എം.എം.മണി പറഞ്ഞത്. വട്ടവടയിൽ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു ഈ വിവാദ പ്രസംഗം.
ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാ. എന്നാൽ ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ… മണി പറഞ്ഞു. : എസ്എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർഥിയുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്.
ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കാമ്പസ് ഫ്രണ്ട്തര്‍ക്കത്തിലാണ് കൊലപാതകം നടന്നത്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന അർജുനെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ-കാമ്പസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്ന് കോളജ് കവാടത്തിൽ വെച്ചായിരുന്നു സംഭവം. സിപിഎമ്മില്‍ തന്നെ വന്‍ വിവാദത്തിനു വഴിവെച്ച സംഭവത്തില്‍ എം.എം.മണി ഉള്‍പ്പെടെ ഇടുക്കി സിപിഎം നേതാക്കള്‍ക്ക് ഉണ്ടായിരുന്ന അമര്‍ഷമാണ് ഇപ്പോള്‍ തലനീക്കിയത്. എം.എം.മണി മുന്‍പ് നടത്തിയ വൺ ടു ത്രീ’ പ്രസംഗവും വിവാദമായിരുന്നു. 2012 മേയ് 25നു തൊടുപുഴ മണക്കാട്ടായിരുന്നു ഈ വിവാദ പ്രസംഗം.
‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണു കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ 3 പേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടിൽ ഒരാളെയും കൊന്നു. വൺ, ടൂ, ത്രീ, ഫോർ… ’ പ്രസംഗത്തെത്തുടർന്നു മണിക്കെതിരെ 4 കേസുകൾ വന്നു. 46 ദിവസം ജയിലിലുമായി.
കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാർ കാക്കിക്കുപ്പായം ഊരിവച്ച് ബാർബർ ഷോപ്പ് തുടങ്ങണമെന്ന മണിയുടെ പ്രസംഗത്തിനെതിരെ 2014 ഒക്ടോബറിൽ ബാർബർമാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നായിരുന്നു തീരുമാനം. അന്ന് ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്. ഈ പ്രസംഗത്തില്‍ ഇനി മണിയാശാന് എതിരേ കേസ് വരുമോ എന്നാണ് അറിയാനുള്ളത്.
