വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഷെയറുകള്‍ വിദേശ കമ്പനിക്ക് കൈമാറിയ അദാനിയുടെ നടപടിയില്‍ കേരളത്തില്‍ പ്രതിഷേധം കത്തുമ്പോള്‍ കടുത്ത നടപടികള്‍ക്കൊരുങ്ങാതെ യുഡിഎഫ് സര്‍ക്കാര്‍. ഓഹരിക്കൈമാറ്റത്തില്‍ ഇതുവരെ അദാനിയെ അതൃപ്തി അറിയിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കരാര്‍ ലംഘനത്തില്‍ ശക്തമായ നടപടികളാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
അദാനിയുടെ വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49% ഓഹരികള്‍ സര്‍ക്കാര്‍ അറിയാതെ ഇറ്റാലിയന്‍ കമ്പനിയായ എംഎസ്സിക്ക് കൈമാറുകയാണ് അദാനി ചെയ്തിരിക്കുന്നത്. കരാറില്‍ കേരള സര്‍ക്കാരും അദാനിയും മാത്രമെന്നിരിക്കെയാണ് ഇപ്പോള്‍ ഓഹരി കൈമാറ്റത്തിലൂടെ ഒരു വിദേശ കമ്പനി കൂടി കരാറില്‍ എത്തുന്നത്. ഇത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ഇത്രമാത്രം ശക്തമായ ഒരു കരാര്‍ ലംഘനം നടന്നിട്ടുപോലും സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് പ്രതിപക്ഷം വിശ്വസിക്കുന്നുമില്ല.
സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണ്ട കാര്യത്തിൽ അദാനി ഗ്രൂപ്പ് ഇത്രയും കാര്യങ്ങൾ ചെയ്യാൻ എങ്ങനെ ധൈര്യപ്പെട്ടു. ഒട്ടേറെ സംശയങ്ങളുണ്ട്. എവിടെയോ എന്തോ അസാധാരണ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണു പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. വിഴിഞ്ഞം കരാര്‍ ലംഘിക്കുകയാണ് അദാനി ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരും അദാനിയും മാത്രമുള്ള ഒരു കരാറില്‍ ഒരു വിദേശ കമ്പനി കൂടി എത്തിയിരിക്കുകയാണ്. ഇതും സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാതെ. ഞെട്ടിക്കുന്ന കാര്യമാണിത്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നം കൂടി വിഴിഞ്ഞത്തിന്റെ ഓഹരിക്കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.
14000 കോടി കൈപ്പറ്റി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഷെയറുകള്‍ എംഎസ്സി എന്ന ഇറ്റാലിയന്‍ വിദേശ കമ്പനിക്ക് കൈമാറി വിഴിഞ്ഞത്ത് നിന്നും സ്ഥലം കാലിയാക്കുകയാണ് അദാനി ചെയ്തിരിക്കുന്നത്. പകുതി ഷെയറുകള്‍ ഇപ്പോള്‍ എംഎസ്സിയുടെ കൈകളിലാണ്. മുന്‍പ് ചൈനീസ് കമ്പനിക്കും ദുബായ് പോര്‍ട്ട്സിനും കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞത്ത് അനുമതി നിഷേധിച്കത് വിദേശ കമ്പനികള്‍ ആണെന്നത് കൊണ്ടാണ്. ഇതാണ് ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുന്നത്. വിഴിഞ്ഞത്തിന്റെ നിയന്ത്രമാണ് ഒരു വിദേശ കമ്പനിക്ക് കൈവന്നിരിക്കുന്നത്. വ്യക്തമായ കരാര്‍ ലംഘനവുമുണ്ടായി. അതുകൊണ്ട് തന്നെ വെറും അതൃപ്തി അറിയിക്കല്കൊണ്ട് കാര്യമില്ല.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ഓഹരി കൈമാറ്റത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിഴിഞ്ഞത്ത് സർക്കാർ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരി നൽകിയത് എങ്ങനെ എന്ന് അദാനി പറയണമെന്നാണ് വേണുഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ‘സൂപ്പർ സർക്കാർ’ ആയിരിക്കാം. അതുപോലെ ചെയ്യാൻ കേരളമെന്താ ബിജെപി ഭരിക്കുന്ന ഭരിക്കുന്ന സംസ്ഥാനമാണോ എന്നാണ് വേണുഗോപാല്‍ ചോദിച്ചതും. ഇതൊക്കെ കൊണ്ട് തന്നെ സതീശന് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. കരാര്‍ ലംഘനം വന്നാല്‍ കരാര്‍ റദ്ദ് ചെയ്യുകയാണ് പതിവ്. എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
