അദാനിയുടെ വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49% ഓഹരികള്‍ സര്‍ക്കാര്‍ അറിയാതെ ഇറ്റാലിയന്‍ കമ്പനിയായ എംഎസ്സിക്ക് കൈമാറിയതില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവായ പിണറായി വിജയന്. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ കേരള സർക്കാരിനെ മുൻകൂറായി അറിയിക്കണം. ഇങ്ങനെ അറിയിക്കാതെ ചട്ടം ലംഘിച്ച് കരാറിലേർപ്പെടാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യമുണ്ടായി എന്നാണ് പിണറായി ചോദിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറുന്നതിനു പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. അതുകൊണ്ട് ഈ കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നു പിണറായി ആവശ്യപ്പെട്ടു. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനു അദാനി വിഴിഞ്ഞം ഷെയറുകള്‍ കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ അറിയാതെ ആണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് നിയമസഭയില്‍ തുറന്നു സമ്മതിച്ചിരുന്നു. ഈ ദുരൂഹതയില്‍ മുഖ്യമന്ത്രി തന്നെ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് ഓഹരിക്കൈമാറ്റം അന്വേഷിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടത്.
നാടിന്റെ പൊതുസമ്പത്ത് കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കങ്ങൾ യുഡിഎഫ് സർക്കാർ തുടക്കംമുതലേ നടത്തുന്നുണ്ട്. അദാനി-വിഴിഞ്ഞം പോർട്ടിൽ വിദേശ കുത്തക കമ്പനിയായ എംഎസ്സി നിക്ഷേപം നടത്തുന്നത്, വലിയ വിദേശ നിക്ഷേപമാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് അവരുടെ ഓഹരി കൈമാറ്റത്തിലൂടെ ലാഭമുണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. മുൻകൂർ അനുമതി ലഭ്യമാക്കാതെ നടത്തിയ ഓഹരി കൈമാറ്റം കരാർ ലംഘനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം. അദാനി ഗ്രൂപ്പിന്റെ നീക്കം സർക്കാരിന്റെ അറിവോടെയാണോയെന്നും പറയണം. പിണറായി ആവശ്യപ്പെട്ടു. സംഭവിച്ചത് കേരള താത്പര്യത്തിനു വിരുദ്ധമായ കാര്യങ്ങളാണ്.
അദാനി പോർട്ട് സെബിക്ക് കൊടുത്ത അപേക്ഷയിൽ ഓഹരി ഇടപാട് നടന്നു കഴിഞ്ഞുവെന്ന് പറയുന്നു. ജൂൺ 29ന് തന്നെ ഒപ്പിട്ടും കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം പുതിയ ഉടമയ്ക്ക് വിൽക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്. ഷിപ്പിങ് കമ്പനിയായ എംഎസ്സി വിഴിഞ്ഞം തുറമുഖം നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായാൽ അത് കുത്തകയായി മാറും. അങ്ങനെ വരുമ്പോൾ മറ്റു കമ്പനികളുടെ കപ്പലുകൾ ഇങ്ങോട്ടേക്ക് വരുന്നതിന് തടസ്സമുണ്ടാകും. നമുക്ക് ലഭിക്കേണ്ട വരുമാനത്തിലും മാറ്റമുണ്ടാകും. അദാനി ഗ്രൂപ്പിന്റെ താത്പര്യത്തിന് വഴങ്ങി കൊടുക്കുന്ന നില ഉണ്ടാകാൻ പാടില്ല. സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണ്ട കാര്യത്തിൽ അദാനി ഗ്രൂപ്പ് ഇത്രയും കാര്യങ്ങൾ ചെയ്യാൻ എങ്ങനെ ധൈര്യപ്പെട്ടു. ഒട്ടേറെ സംശയങ്ങളുണ്ട്. എവിടെയോ എന്തോ അസാധാരണ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു ‘മൾട്ടി-ഓപ്പറേറ്റർ’ തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇത് അനുവദിച്ചാൽ വിഴിഞ്ഞത്ത് മൾട്ടി ഓപ്പറേറ്റർ മാത്രമല്ല മൾട്ടി-ക്ലയൻ്റ് സംവിധാനം പോലും ഇല്ലാതാകും. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ, നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. മത്സരക്ഷമതയാണ് ഏതൊരു വിപണിയുടെയും ആണിക്കല്ല്. ആ മത്സരക്ഷമത ഒറ്റയടിക്ക് തുടച്ചുനീക്കപ്പെടുന്ന നിലവരും. പിണറായി ചൂണ്ടിക്കാട്ടി. എന്തായാലും അദാനി നടത്തിയ വിഴിഞ്ഞത്തിന്റെ ഓഹരികൈമാറ്റം വലിയ വിവാദമാണ് സൃഷ്ടിച്ചത്. പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. സതീശന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
