കോണ്‍ഗ്രസിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാക്കളില്‍ ഒരാളാണ് കണ്ണൂര്‍ എംപിയായ കെ.സുധാകരന്. കോണ്‍ഗ്രസിലെ ജനപ്രിയ നേതാക്കളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കണ്ണൂരിലെ ഈ ഗര്‍ജ്ജിക്കുന്ന സിംഹം. അതേസമയം കണ്ണൂര്‍ സിപിഎമ്മുകാരുടെ പേടിസ്വപ്നം കൂടിയാണ് സുധാകരന്. ഏറെ നാളായി സുധാകരന് വിവാദത്തിലാണ്. ഇപ്പോള്‍ തൂഫാനുമായി ബന്ധപ്പെട്ടാണ് സുധാകരന് വാര്‍ത്തകളില്‍ നിറഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേതൃത്വം കൊടുക്കുന്ന ലഹരിക്കെതിരായ പോരാട്ടം ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് സുധാകരന് പങ്കെടുത്ത യോഗമാണ് വിവാദത്തിലായത്.
ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഗുണ്ടകളും ക്രിമിനൽ കേസിൽപെട്ടവരുമോക്കെയാണ് യോഗം വിളിച്ചത്. ഈ യോഗത്തിലാണ് സുധാകരന് പങ്കെടുത്തത്. കെ. സുധാകരൻ പരിപാടിയിലേക്ക് വരുന്നതിന്റെയും വേദിയിലിരിക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എറണാകുളം ഡി.സി.സി നേതൃത്വവും പോലീസുമെല്ലാം സുധാകരന്റെ നടപടിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. കെ. സുധാകരന്റെ തൂഫാൻ യോഗത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത ഗുണ്ടകളുടെ യോഗം സ്വകാര്യ പരിപാടി ആണെന്നാണ് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് പറഞ്ഞത്. എന്തായാലും വിവാദത്തിലായത് സുധാകരന് തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സുധാകരന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിക്ക് കാരണമായി. കണ്ണൂര്‍ നിയമസഭാ സീറ്റില്‍ വേണ്ടിവന്നാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നിലപാടെടുക്കുകയും ഡല്‍ഹിയില്‍ താവളമടിച്ച് അദ്ദേഹം നടത്തിയ നീക്കങ്ങള്‍ ഹൈക്കമാന്‍ഡിനെ തന്നെ പ്രതിസന്ധിയിലാക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ ദിവസങ്ങള്‍ വൈകാന്‍ ഇടയാക്കുകയും ചെയ്തു. ഒടുവില്‍ അദ്ദേഹം ഹൈക്കമാന്‍ഡിനു മുന്നില്‍ നിരുപാധികം കീഴടങ്ങുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ ഇമേജിന് സാരമായ കോട്ടമുണ്ടാക്കി.
സുധാകരന് തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെട്ടതോടെയാണ് ആരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിക്കുന്നതെന്ന് കോണ്‍ഗ്രസില്‍ നിന്നും തന്നെ ചോദ്യം ഉയര്‍ന്നത്. അദ്ദേഹത്തിനു ഈയിടെയായി വലിയ ഓര്‍മ്മക്കുറവുണ്ട്. വലുതായി സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. കോടികളുടെ സാമ്പത്തിക പ്രതിസന്ധി സുധാകരന് നേരിടുന്നുണ്ട് എന്ന് കോണ്‍ഗ്രസില്‍ തന്നെ സംസാരവുമുണ്ട്. ഈ പ്രശ്നങ്ങള്‍ ഒക്കെ മുന്നില്‍ നില്‍ക്കെയാണ് അദ്ദേഹം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചാടുന്നത്. ഇതിനു പിന്നിലാര് എന്നാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചോദിക്കുന്നത്. സുധാകരന് ഒപ്പമുള്ള ചിലരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നതെന്നുമുള്ള സംസാരവുമുണ്ട്.
കൊച്ചിയിലെ ഗുണ്ടകളുടെ യോഗത്തില്‍ സുധാകരന് പങ്കെടുത്തത് തന്നെ സ്വമനസാലെ തന്നെയാണോ, എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഹൈക്കമാന്‍ഡ് ആദ്യം തന്നെ തീരുമാനമെടുത്തിട്ടും അത് ലംഘിക്കാന്‍ അദ്ദേഹത്തിനു പ്രേരണ നല്‍കിയത് ആരാണ് എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയരുന്നുമുണ്ട്. എന്തായാലും കണ്ണൂരില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും വേണ്ടത് ഊര്‍ജ്വസലമായി പൊട്ടിത്തെറിച്ച് പ്രവര്‍ത്തിക്കുന്ന സുധാകരനെയാണ്. ആ സുധാകരനെ തിരിച്ചുകിട്ടണം ആ വഴി ആരും മുടക്കരുത് എന്ന് തന്നെയാണ് അവരുടെ ആവശ്യവും.
