നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ജലാംശം അനിവാര്യമാണ്. ശരീര ഊഷ്മാവ് നിലനിർത്താനും, ദഹനപ്രക്രിയ വേഗത്തിലാക്കാനും, അവയവങ്ങളുടെ സുരക്ഷയ്ക്കും വെള്ളം അത്യാവശ്യമാണ്. വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും മൂത്രത്തിലൂടെ ഉപാപചയ മാലിന്യങ്ങൾ പുറന്തള്ളാൻ അത് സഹായിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് ദാഹം കുറയുമ്പോൾ നമ്മൾ ഈ ‘ഹൈഡ്രേഷൻ’ ചക്രം ലംഘിക്കുകയാണ് ചെയ്യുന്നത്.
മഴക്കാലത്ത് കൃത്യമായി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു:
രോഗപ്രതിരോധ സംവിധാനം നിലനിർത്തുന്നതിന്: മഴക്കാലം പകർച്ചവ്യാധികളുടെയും അണുബാധകളുടെയും സമയമാണ്. കൃത്യമായി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനം സുഗമമായി നിലനിർത്താൻ സഹായിക്കുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ ശരീരം പെട്ടെന്ന് നിർജ്ജലീകരണത്തിലേക്ക് നീങ്ങും. ഇത് കടുത്ത തലവേദന, തലകറക്കം, അമിതമായ ക്ഷീണം, ചർമ്മം വരളുക എന്നിവയ്ക്ക് കാരണമാകും. കൂടാതെ, മൂത്രത്തിൽ അണുബാധ, വൃക്കകളിൽ കല്ല് എന്നിവ വരാനുള്ള സാധ്യത മഴക്കാലത്ത് വളരെ കൂടുതലാണ്. പ്രതിരോധശേഷി കുറയുന്നതിനും ഇത് കാരണമായേക്കാം.
മഴക്കാലത്ത് ഹൈഡ്രേറ്റഡ് ആയിരിക്കാൻ ചില വഴികൾ:
ഓർമ്മപ്പെടുത്തലുകൾ വെക്കാം: ദാഹം തോന്നാത്തതുകൊണ്ട് വെള്ളം കുടിക്കാൻ മറന്നുപോകുന്നത് സ്വാഭാവികമാണ്. അതിനാൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ഫോണിൽ അലാം വെക്കുകയോ വാട്ടർ റിമൈൻഡർ ആപ്പുകൾ ഉപയോഗിക്കുകയോ ചെയ്യാം.
പ്രായമായവരിൽ ദാഹം തിരിച്ചറിയാനുള്ള ശേഷി ചിലപ്പോൾ കുറവായിരിക്കും. അതിനാൽ മഴക്കാലത്ത് ദാഹം തോന്നിയില്ലെങ്കിലും മുതിർന്നവർ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് വീട്ടിലുള്ളവർ പ്രത്യേകം ഉറപ്പാക്കാം. എന്നാൽ, അമിതമായി വെള്ളം കുടിക്കുന്നതും ഒരിക്കലും നന്നല്ല. പ്രത്യേകിച്ച് മറ്റ് അസുഖങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വെള്ളത്തിന്റെ അളവ് നിജപ്പെടുത്തേണ്ടതാണ്. എന്തും അമിതമാകുന്നത് ദോഷം ചെയ്യുമെന്നതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച് സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രദ്ധിക്കുക.
ഓരോരുത്തരുടെയും ശരീരഭാരം, പ്രവർത്തനം, കാലാവസ്ഥ സമ്പർക്കം, മെഡിക്കൽ അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് ശരീരത്തിന്റെ ദ്രാവക ആവശ്യകതകൾ വ്യത്യാസപ്പെടുന്നുണ്ട്. ഇതെല്ലം കണക്കിലെടുത്ത് കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് എല്ലാ കാലാവസ്ഥകളിലും ശീലമാക്കാം. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. ആരോഗ്യകരമായ ഒരു മഴക്കാലം ആസ്വദിക്കാൻ ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ മടി കാണിക്കരുത്.
തയ്യാറാക്കിയത്: ഡോ . വിനോദ് സേവ്യർ, കൺസൾട്ടന്റ്, ഇന്റർണൽ മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.
