Your Image Description Your Image Description

ക്രിക്കറ്റിൽ ഏത് റോൾ ഏറ്റെടുക്കാനും താൻ സജ്ജനാണെന്ന സഞ്ജു സാംസണിന്റെ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാലിനെ ഉപമിച്ചുകൊണ്ട്, “വില്ലനാകാനും കോമാളിയാകാനും നായകനാകാനുമെല്ലാം എനിക്ക് സാധിക്കും” എന്നായിരുന്നു സഞ്ജു പറഞ്ഞത്.

ഏഷ്യാ കപ്പിൽ ഓപ്പണിങ് റോളിൽ നിന്ന് മാറിയ സഞ്ജു, ടൂർണമെൻ്റിലുടനീളം വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലും റോളുകളിലുമാണ് കളിച്ചത്. ഈ സാഹചര്യത്തിലാണ് താരത്തിൻ്റെ ഈ വാക്കുകൾ ശ്രദ്ധ നേടിയത്. ഒടുവിൽ, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ, സഞ്ജുവിൻ്റെ ഈ ‘റോൾ’ ഏറ്റെടുക്കാനുള്ള സന്നദ്ധതയെ ആരാധകരും ക്രിക്കറ്റ് ലോകവും ഒരുപോലെ പ്രശംസിച്ചു.

മത്സരത്തിൽ അഞ്ചാം നമ്പറിലിറങ്ങിയ സഞ്ജു 23 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 39 റൺസ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ‘സഞ്ജു മോഹൻലാൽ സാംസൺ’ എന്ന് വിളിച്ച് ആരാധകരെത്തിയത്. ഏത് റോളിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകർ കുറിക്കുന്നത്. ഇതിനിടെ ഇന്നിങ്‌സ് ബ്രേക്കിൽ രവി ശാസ്ത്രിയും സഞ്ജന ഗണേഷനുമടങ്ങുന്ന പാനൽ സഞ്ജുവിനെ സഞ്ജു മോഹൻലാൽ സാംസൺ എന്ന് വിളിച്ചതായും ആരാധകർ കുറിക്കുന്നു. എന്നാൽ ഇതിന്റെ വീഡിയോ ഒന്നും ലഭ്യമല്ല.

സഞ്ജു സാംസന്റെ ബാറ്റിങ് പൊസിഷനിലെ മാറ്റത്തെക്കുറിച്ച് പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷാ ഭോഗ്ലെയും മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കും തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു.

‘ക്രിക്ക്ബസി’ന്റെ ഷോയിൽ സംസാരിക്കവെ, ടോപ് ഓർഡറിൽ സ്ഥിരമായി കളിക്കുന്ന സഞ്ജുവിന് മധ്യനിരയിലേക്കുള്ള റോൾ ചെയ്ഞ്ച് ഏറെ പ്രയാസകരമായിരിക്കുമെന്ന് ഹർഷാ ഭോഗ്ലെ അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളെല്ലാം ടോപ് ഓർഡറിലായിരുന്നു എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.

“ടോപ് ഓർഡറിൽ കളിക്കുന്ന ഒരു ബാറ്ററുടെ റോൾ മാറ്റുന്നതിനേക്കാൾ എളുപ്പമായിരിക്കും മോഹൻലാലിന് ഒരു വില്ലൻ റോളിലേക്ക് മാറുന്നത്,” എന്നായിരുന്നു ഹർഷാ ഭോഗ്ലെ തമാശ രൂപേണ പറഞ്ഞത്. ഈ അഭിപ്രായത്തോട് യോജിച്ച ദിനേശ് കാർത്തിക്കും രംഗത്തെത്തി. ഒരു ടോപ് ഓർഡർ ബാറ്ററെ സംബന്ധിച്ചിടത്തോളം, ലോവർ ഓർഡറിലെ സാഹചര്യങ്ങളോട് അഡാപ്റ്റ് ചെയ്യുവാൻ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Related Posts