ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ബജറ്റ് നിർദേശങ്ങൾ ധനബില്ലിലൂടെ തന്നെയാണ് വരാറുള്ളതെന്നും, ബില്ല് പാസായാൽ അത് നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. “വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ” എന്ന് ചോദിച്ച അദ്ദേഹം, കേരളത്തിൽ സമ്പൂർണ്ണ മദ്യനിരോധനം പ്രായോഗികമാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റേത് തികച്ചും സദുദ്ദേശപരമായ നീക്കമാണെന്നും അതിനെ പ്രതിപക്ഷം ദുരുദ്ദേശത്തോടെ കാണുന്നത് ദൗർഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന ഒരു സംവിധാനവും ഇവിടെയില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിലവിൽ നിയന്ത്രണവിധേയമാണെന്നും ഷിഗെല്ല, ഡെങ്കിപ്പനി കേസുകളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയ മന്ത്രി, മഴ കനക്കുന്ന സാഹചര്യത്തിൽ മാലിന്യനിർമ്മാർജ്ജനത്തിൽ ജാഗ്രത വേണമെന്നും ഇതിനായി മറ്റന്നാൾ മന്ത്രിമാരുടെ സംയുക്ത പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുമെന്നും അറിയിച്ചു.
