ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ആവശ്യപ്പെട്ടത് ആക്രമണത്തിന് പിന്നിൽ ആരാണെന്നും കുറ്റവാളികൾ ആരാണെന്നും കണ്ടെത്താനാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഓപ്പറേഷൻ സിന്ദൂരിലേക്ക് നയിച്ച നിർണായക തീരുമാനങ്ങളെക്കുറിച്ച് ഡിസ്‌കവറി ഡോക്യുമെന്ററി പരമ്പരയായ ‘Declassified: Operation Sindoor’-ന് നൽകിയ അഭിമുഖത്തിലാണ് ഡോവൽ വെളിപ്പെടുത്തൽ നടത്തിയത്.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെ സൗദി അറേബ്യൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യയിലെത്തിയ ഉടൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയുമായി യോഗം ചേർന്നതായി ഡോവൽ പറഞ്ഞു. ആക്രമണത്തിന്റെ വസ്തുതകൾ ആദ്യം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. തുടർന്ന് ആക്രമണത്തിന് ഉത്തരവാദികൾ ആരാണെന്നും ആക്രമണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ എന്താണെന്നും അദ്ദേഹം അന്വേഷിച്ചു.
“ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദികൾ? കുറ്റവാളികൾ ആരാണെന്ന് നമുക്ക് കൃത്യമായി അറിയണം. അത് എന്നെ ഉടനെ അറിയിക്കണം” – എന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.- ഡോവൽ വെളിപ്പെടുത്തി.
