Your Image Description Your Image Description

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സെപ്റ്റംബർ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇത് പൂർണ്ണമായും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ വലിയ 4ജി വിന്യാസമാണ്. ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ഇതിന് സാങ്കേതിക പിന്തുണ നൽകുന്നത്. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം 4ജി നെറ്റ്‌വർക്ക് പ്രവർത്തനം പൂർത്തിയാക്കുമെന്നും എല്ലാ ഉപഭോക്താക്കൾക്കും നവീകരിച്ച നെറ്റ്‌വർക്ക് ലഭിക്കുമെന്നും എ റോബർട്ട് ജെ രവി പറഞ്ഞു.

നിലവിലുള്ള 2ജി/3ജി ഉപയോക്താക്കൾക്ക് 4ജി സേവനങ്ങൾ ലഭിക്കാൻ 4ജിക്ക് അനുയോജ്യമായ സിം കാർഡുകളും മൊബൈൽ ഫോണുകളും ആവശ്യമാണ്. തിരഞ്ഞെടുത്ത സർക്കിളുകളിൽ 4ജി സിം സൗജന്യമായി നൽകുന്നുണ്ട്. സെപ്റ്റംബർ 27ന് രാജ്യമെമ്പാടും ഉദ്ഘാടനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്നും ഭാരത് ഡിജിറ്റൽ ഇൻഫ്രാ സമ്മിറ്റ് 2025ൽ നടത്തിയ പ്രസംഗത്തിൽ റോബർട്ട് ജെ രവി വ്യക്തമാക്കി. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്‍എൻഎൽ ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബിഎസ്എൻഎൽ 2024ൽ 25,000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഈ സേവനങ്ങൾക്കായി ഇതുവരെ ഒരു ലക്ഷം മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്.

നിലവിൽ സ്ഥാപിക്കുന്ന 4ജി ടവറുകളും നെറ്റ്‌വർക്ക് സംവിധാനങ്ങളും 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വഴി ഇവയെ 5ജി ടവറുകളാക്കി മാറ്റാൻ കഴിയും. നെറ്റ്‌വർക്ക് ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ നൽകുന്നതിനുമായി 47,000 കോടി വരെ നിക്ഷേപിക്കാൻ, ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക വർഷത്തിലെ വരും പാദങ്ങളിൽ ബിഎസ്എൻഎൽ സാമ്പത്തിക നേട്ടം റിപ്പോർട്ട് ചെയ്യുമെന്ന് ഈ വർഷം ജൂലൈയിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം കുറഞ്ഞത് 50 ശതമാനം വർധിപ്പിക്കണമെന്നും അടുത്ത വർഷത്തേക്ക് തന്ത്രപരമായ ബിസിനസ് യൂണിറ്റിന് എന്‍റർപ്രൈസ് ബിസിനസ് 25 മുതൽ 30 ശതമാനം വളർത്തണമെന്നും ബി‌എസ്‌എൻ‌എല്ലിന്‍റെ അവലോകന യോഗത്തിൽ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു.

4ജി നെറ്റ്‌വർക്ക് സ്ഥിരത കൈവരിച്ച ശേഷം എത്രയും പെട്ടെന്ന് 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ബി‌എസ്‌എൻ‌എൽ ലക്ഷ്യമിടുന്നത്. 4ജി വിന്യാസം പൂർത്തിയാക്കിയാൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ 5ജിയിലേക്ക് മാറാൻ സാധിക്കും. ഈ നീക്കം രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ചതും വേഗതയേറിയതുമായ നെറ്റ്‌വർക്ക് കവറേജ് നൽകാൻ ബി‌എസ്‌എൻ‌എല്ലിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts