Your Image Description Your Image Description

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന കേന്ദ്രങ്ങളെ ഏറ്റെടുത്ത് അവിടുത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഉറപ്പാക്കി സ്വയം പര്യാപ്തരാക്കുന്ന മാനസഗ്രാമം പദ്ധതി എൻഎസ്എസ് നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ദേശീയ എൻഎസ്എസ് ദിനാചരണത്തോട് അനുബന്ധിച്ച് പദ്ധതിയുടെ പ്രഖ്യാപനവും കർത്തവ്യ വാരത്തിന്റേയും പക്ഷിവനം പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അരികുവൽക്കരിക്കപ്പെടുന്നവരുടെ ശാക്തീകരണത്തിനു വേണ്ടി ഇടപെടലുകൾ നടത്തിയിട്ടുള്ള എൻഎസ്എസ് സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന അവരുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി പരിശീലനം നൽകുന്ന പ്രവർത്തനങ്ങൾ നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. അതിനെ ഒന്നുകൂടി വിപുലീകരിച്ചുകൊണ്ട് സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിന് സഹായകരമായ സ്‌കിൽ എൻഹാൻസ്മെന്റ് പ്രവർത്തനങ്ങളിലേക്ക് കൂടി കടക്കുകയാണ്. ഈ ഗ്രാമങ്ങളിലെ കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നൈപുണ്യ പരിശീലനം നൽകി തൊഴിൽ നേടുന്നതിന് അവിടുത്തെ കുടുംബങ്ങളിലെ യുവതി യുവാക്കളെ പ്രാപ്തരാക്കും. അപ്രകാരം സ്വയംപര്യാപ്ത ഗ്രാമങ്ങളായും സ്വയംപര്യാപ്ത കുടുംബങ്ങളായും ഈ ആവാസ കേന്ദ്രങ്ങളെ മാറ്റാനാകും. സാമ്പത്തിക സ്വയംപര്യാപ്തത കൂടി അവർക്ക് ലഭിക്കാൻ കഴിയുന്ന ശാക്തീകരണ പ്രവർത്തനങ്ങളാണ് മാനസഗ്രാമം പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത്.

ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക അവബോധം വളർത്തുന്നതിനുമായി പക്ഷിജാലങ്ങൾക്ക് ജലവും ഭക്ഷണവും നൽകിക്കൊണ്ട് പക്ഷികൾക്ക് ക്യാംപസുകളിൽ ഇടങ്ങളൊരുക്കുന്നതാണ് പക്ഷിവനം പദ്ധതി. സിനിമാ ഡയറക്ടറായ ആർ ജയരാജിന്റെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. എല്ലാ ക്യാമ്പസുകളിലും പക്ഷികൾക്കായിട്ടുള്ള ഇടങ്ങൾ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കും. പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക അവബോധവുമായി ബന്ധപ്പെട്ട ആശയങ്ങളെ സംബന്ധിച്ചുള്ള ഫിലിമുകളുടെ പ്രദർശനം ഉൾക്കൊള്ളുന്ന റെയിൻ ഇന്റർനാഷണൽ നാച്വറൽ ഫിലിം ഫെസ്റ്റിവലിൽ എൻഎസ്എസിന്റെ വോളന്റിയേഴ്സിനെ പങ്കെടുപ്പിക്കും.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് എൻഎസ്എസിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ 26 ന് കൈമാറും. മഹാത്മാഗാന്ധി സർവകലാശാലയിലെ എൻഎസ്എസ് വോളന്റിയർമാരും പ്രോഗ്രാം ഓഫീസർമാരുമാണ് വീട് നിർമ്മാണത്തിന് മുൻകൈ എടുത്തത്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ അതിമനോഹരമായ ഉദ്യാനങ്ങളാക്കുന്ന സ്നേഹാരാമം പദ്ധതിയിലൂടെ കഴിഞ്ഞവർഷം 3000 കേന്ദ്രങ്ങളെ മാറ്റിയെടുക്കാനായി. അടിസ്ഥാന സൗകര്യ വിപുലീകരണത്തലുൾപ്പെടെ സമൂഹത്തിലെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന എൻഎസ്എസിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാരിയർ ഫ്രീ ആക്കാനുള്ള ദൗത്യങ്ങളിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പക്ഷിവനം പദ്ധതിയുടെ ധാരണാപത്രം മന്ത്രിയുടെ സാന്നിധ്യത്തിൽ ജയരാജ് ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ആർ ജയരാജും നാഷണൽ സർവീസ് സ്‌കീം സംസ്ഥാന ഓഫീസർ ഡോ. ദേവിപ്രിയയും കൈമാറി. എൻഎസ്എസ് കേരള-ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ , ടെക്നിക്കൽ സെൽ പ്രോഗ്രാം കോർഡിനേറ്റർ ജയൻ പി വിജയൻ, ഐഎച്ച്ആർഡി പ്രോഗ്രാം കോർഡിനേറ്റർ മനു രാജേന്ദ്രൻ, ജയരാജ് ഫൗണ്ടേഷൻ നാഷണൽ ലെവൽ കോർഡിനേറ്റർ ഡോ സോമശേഖരൻ ബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Posts