Your Image Description Your Image Description

കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതായി കസ്റ്റംസ് കണ്ടെത്തി. വാഹന ഡീലർമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ഈ മുഴുവൻ വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ കസ്റ്റംസ് തീരുമാനിച്ചു.

പരിശോധനയുടെ ഭാഗമായി കേരളത്തിൽ നിന്ന് മാത്രം 20-ഓളം ആഡംബര എസ്‌യുവി വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഇതിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് മാത്രം 11 വാഹനങ്ങളുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്.

അതേസമയം, കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും നികുതി വെട്ടിച്ച് വാഹനം വാങ്ങിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സെൻട്രൽ സിൽക്ക് ബോർഡ് മെമ്പർ സെക്രട്ടറിയുമാണ് ഇത്തരത്തിൽ വാഹനം വാങ്ങിയവർ. ഈ രണ്ട് വാഹനങ്ങളും നിലവിൽ ബംഗളൂരുവിലാണ്.

നികുതി വെട്ടിച്ചുള്ള വാഹനങ്ങളുടെ അനധികൃത ഇറക്കുമതിയുമായി ബന്ധപ്പെട്ട് മലയാള സിനിമ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് രാജ്യവ്യാപകമായി അന്വേഷണം നടത്തുന്നത്.

Related Posts