Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴം മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ഈ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്ത് കള്ളക്കടൽ മുന്നറിയിപ്പ്

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇന്ന് (സെപ്റ്റംബർ 23) രാത്രി 08:30 വരെ കേരള തീരത്ത് 0.5 മുതൽ 1.1 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരപ്രദേശങ്ങളിൽ 1.2 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

Related Posts