Your Image Description Your Image Description

കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ മാറ്റം പ്രകടമാണ്. പഠനം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബാംഗ്ലൂരിലേക്ക് പോകുന്ന നിരവധി ആളുകൾ ജില്ലയിലുണ്ട്. റെയില്‍വേ സേവനങ്ങള്‍ക്കായി തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. കോന്നി, റാന്നി, പത്തനംതിട്ട എന്നീ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് സൗകര്യപ്രദമായി ബാംഗ്ലൂരിലേക്ക് സഞ്ചരിക്കുവാന്‍ എസി സ്ലീപ്പർ ബസുകൾ സഹായകമാകും.

പുതിയ സര്‍വീസ് ജനങ്ങള്‍ക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യും. ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ബസില്‍ ഒരുക്കിയിട്ടുണ്ട്. മുൻപ് ബാംഗ്ലൂർ സർവീസ് നടത്തിയ സ്‌കാനിയ ബസ് ഓണക്കാലത്തും സീസണുകളിലും റെക്കോര്‍ഡ് കളക്ഷന്‍ നേടി. പത്തനംതിട്ട ഡിപ്പോ 19 ലക്ഷത്തിനു മുകളില്‍ വരുമാനം നേടിയത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു

36 സീറ്റുള്ള എസി സ്ലീപ്പര്‍ വോള്‍വോ ബസ് ഓണ്‍ലൈന്‍ മുഖേനയാണ് ബുക്കിംഗ്. ദിവസവും വൈകിട്ട് 5.30ന് ഡിപ്പോയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് അടുത്തദിവസം രാവിലെ ഏഴിന് ബാംഗ്ലൂർ എത്തും. എല്ലാദിവസവും വൈകിട്ട് അഞ്ചിന് ബാംഗ്ലൂരിൽ നിന്ന് തിരികെയുള്ള സർവീസ് ആരംഭിക്കും. രാവിലെ 8:30ന് പത്തനംതിട്ടയിൽ എത്തും.

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മനോജ് മാധവശേരില്‍, കെ അനില്‍കുമാര്‍, ബി ഹരിദാസ്, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, ഷാഹുല്‍ ഹമീദ്, നിസാര്‍ നൂര്‍ മഹാല്‍, രാജു നെടുവമ്പ്രം, വര്‍ഗീസ് മുളയ്ക്കല്‍, അബ്ദുല്‍ മനാഫ്, സത്യന്‍ കണ്ണങ്കര, കെഎസ്ആര്‍ടിസി പ്രതിനിധികളായ ജി ഗിരീഷ് കുമാര്‍, ജി മനോജ്, ഷിജു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു

Related Posts