Your Image Description Your Image Description

അഭിമുഖത്തിനിടെ ബോഡി ഷെയ്‌‌മിംഗ് നടത്തിയ മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി നടി ലക്ഷ്മി മഞ്ചു. ലക്ഷ്മിയുടെ വസ്ത്രങ്ങൾ 47 വയസ്സുള്ള ഒരു സ്ത്രീക്കും ഒരു അമ്മയ്ക്കും അനുയോജ്യമല്ലെന്ന് മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടത്തിലാണ് പരാതി. ലക്ഷ്മി തെലങ്കാന ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിലാണ് പരാതി നൽകിയത്. മുംബൈയിലേയ്ക്കുള്ള മാറ്റം തന്റെ വസ്‌ത്രധാരണത്തെ മാറ്റിയെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതായും ലക്ഷ്മി പരാതിയിൽ പറയുന്നു.

“സ്ത്രീകളെ ശക്തിയായി ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ, എന്നാൽ നമ്മൾ പ്രൊഫഷണൽ ഇടങ്ങളിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, നമ്മൾ ആകസ്മികമായ സ്ത്രീവിരുദ്ധത, അപമാനം, അനാദരവ് എന്നിവയ്ക്ക് വിധേയരാകുന്നു. ഇത് തുടരാനാവില്ല. എന്നോട് മാത്രമല്ല, എന്നെ നോക്കി ഇത് തുറന്നുപറയാൻ ആഗ്രഹിക്കുന്ന നിരവധി യുവതികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു,” ലക്ഷ്മി മഞ്ചു പറഞ്ഞു.

മുംബൈയിലേയ്ക്ക് മാറുന്നതിന് മുൻപ് താൻ ഏറെക്കാലം അമേരിക്കയിൽ കഴിഞ്ഞിരുന്നുവെന്നാണ് നടി ഇതിന് മറുപടി നൽകിയത്. അൻപതിലേയ്ക്ക് അടുത്തിരിക്കുന്ന, ഒരു പെൺകുട്ടിയുടെ അമ്മയായ ലക്ഷ്മിയുടെ വസ്ത്രധാരണത്തിൽ ആളുകൾ കമന്റ് ചെയ്യുമെന്ന് മാധ്യമപ്രവർത്തകൻ വീണ്ടും പരാമർശം നടത്തിയതോടെ നടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഈ ചോദ്യം പുരുഷന്മാരോട് ചോദിക്കുമോയെന്നും എന്ത് ധൈര്യത്തിലാണ് ചോദിച്ചതെന്നും നടി ചോദിച്ചു.

മാധ്യമപ്രവർത്തനത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരതയെന്നാണ് അഭിമുഖത്തെക്കുറിച്ച് നടി പരാതിയിൽ പറഞ്ഞത്. കടുത്ത ചോദ്യങ്ങളെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. അത് തന്റെ തൊഴിലിന്റെ ഭാഗമാണ്. എന്നാൽ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന ഇത്തരം ചോദ്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും നടി പരാതിയിൽ വ്യക്തമാക്കി. മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തകൻ പരസ്യമായി മാപ്പ് പറയണം. ഇത്തരം അനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നടി ടിഎഫ്‌സിയോട് ആവശ്യപ്പെട്ടു.

തെലുങ്കിനുപുറമെ തമിഴ്, ഹിന്ദി, മലയാളം, ഹോളിവുഡ് ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിലെ വേഷത്തിലൂടെയാണ് മലയാളികൾക്ക് നടിയെ പരിചയം. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ലാസ് വെഗാസിലൂടെയാണ് മഞ്ചു അഭിനയരംഗത്തേക്ക് കടന്നുവന്നത്. ടൊയോട്ട ,എഎആർപി , ഷെവർലെ എന്നിവയുടെ പരസ്യങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related Posts