Your Image Description Your Image Description

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ വഹിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജേന്ദ്ര അർലേക്കർ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് കത്തയച്ചു.

വിവിധ നിയമനടപടികൾക്കായി രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം വക്കീൽ ഫീസ് ഇനത്തിൽ നൽകണമെന്നാണ് ഗവർണറുടെ ആവശ്യം. ഇത്തരത്തിൽ ആകെ 11 ലക്ഷം രൂപ ഈടാക്കാനാണ് രാജ്ഭവന്റെ നിർദ്ദേശം.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ, രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീം കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ടാണ് ഈ നിയമപരമായ ചെലവുകൾ ഉണ്ടായിരിക്കുന്നത്. ഈ കേസുകൾക്കായി ചെലവായ തുകയാണ് ഇപ്പോൾ സർവകലാശാലകൾ നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണയായി, സർവകലാശാലകൾക്കെതിരെ വരുന്ന കേസുകൾക്ക് മാത്രമാണ് സർവകലാശാലാ ഫണ്ട് ചെലവഴിക്കാറുള്ളത്. എന്നാൽ ഇവിടെ, രാജ്ഭവന്റെ നിയമപരമായ നീക്കത്തിനുള്ള പണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ, സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ, ഈ തുക നൽകണമെങ്കിൽ സിൻഡിക്കേറ്റിന്റെ അനുമതി ആവശ്യമാണ്.

Related Posts