Your Image Description Your Image Description

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കുന്നതിനു മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ അഭ്യൂഹങ്ങൾ വ്യാപകമായത്. നിലവിൽ മാഗ്നം സ്പോർട്സിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ ഉടമസ്ഥാവകാശവും ഉള്ളത്. ക്ലബിന്റെ 100 ശതമാനം ഓഹരികളും വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.

കേരളത്തിലെ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പോകുന്നതെന്നും സൂചനകൾ ഉണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അഭ്യൂഹങ്ങൾ തള്ളി കായിക രംഗത്തെ ചില പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

2014-ൽ രൂപീകരിക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഉടമകൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും വ്യവസായി പ്രസാദ് പൊട്ട്‌ലൂരിയും ആയിരുന്നു. സച്ചിന്റെ ‘മാസ്റ്റർ ബ്ലാസ്റ്റർ’ എന്ന വിളിപ്പേരിൽ നിന്നാണ് ക്ലബിന് ‘ബ്ലാസ്റ്റേഴ്‌സ്’ എന്ന പേര് പോലുമുണ്ടായത്. 2016-ൽ നിമ്മഗഡ്ഡ പ്രസാദ്, നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവർ ചേർന്ന കൺസോർഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും സ്വന്തമാക്കി. 2018-ൽ സച്ചിൻ തന്റെ ശേഷിച്ച 20 ശതമാനവും വിൽക്കുകയായിരുന്നു. തുടർന്ന് 2021-ൽ കൺസോർഷ്യം മാഗ്നം സ്പോർട്സ് എന്ന് പേര് മാറ്റി. ഇപ്പോൾ നിമ്മഗഡ്ഡ പ്രസാദിന്റെ മകൻ നിഖിൽ ഭരദ്വാജാണ് ക്ലബിന്റെ ചെയർമാൻ

സാമ്പത്തിക പ്രതിസന്ധിയും ഐഎസ്എലിലെ അനിശ്ചിതത്വവും കാരണം ഐഎസ്‌എലിലെ പല ക്ലബ്ബുകളും ഇതുവരെ പ്രീ സീസൺ പരിശീലനം പോലും തുടങ്ങിയിട്ടില്ല. ലീഗ് സംഘടിപ്പിക്കുന്നവരെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളും, പുതിയ സാമ്പത്തിക-വാണിജ്യ ഘടനയെക്കുറിച്ചുള്ള വ്യക്തതക്കുറവും ക്ലബ്ബുകളെ ആശങ്കപ്പെടുത്തുന്നുണ്ട്. സംപ്രേക്ഷണ വരുമാനത്തിലും ചെലവുകളിലും വ്യക്തതയില്ലാതെ ബജറ്റ് തയാറാക്കാൻ കഴിയുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Related Posts