Home » Blog » Kerala » ഒരൊറ്റ ഷോട്ടിന് 100 ടേക്കുകൾ വരെ! രാജമൗലി ചിത്രത്തിന്റെ മേക്കിംഗ് രഹസ്യങ്ങൾ വെളിപ്പെടുത്തി പൃഥ്വിരാജ്
images (47)

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ ‘വാരണാസി’യുടെ ലൊക്കേഷനിലെ അനുഭവങ്ങൾ വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്, മഹേഷ് ബാബുവിനൊപ്പമുള്ള ഒരു പ്രത്യേക രംഗം ചിത്രീകരിക്കുന്നതിനിടയുണ്ടായ അനുഭവമാണ് പങ്കുവെച്ചത്. ഒരു പെർഫെക്റ്റ് ഷോട്ടിനായി ഒരൊറ്റ ദിവസം കൊണ്ട് ഏകദേശം 100 ടേക്കുകൾ വരെ എടുത്തു എന്നാണ് പൃഥ്വിരാജ് പറയുന്നത്. രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞും തുടർന്ന് വൈകുന്നേരം 7 മണി വരെ നീണ്ടിട്ടും സംവിധായകന് പൂർണ്ണ തൃപ്തി വരാത്തതിനെ തുടർന്ന്, അടുത്ത ദിവസവും ഇതേ രംഗം തന്നെ വീണ്ടും ചിത്രീകരിക്കേണ്ടി വന്നതായും പൃഥ്വിരാജ് വ്യക്തമാക്കി.

 

താൻ ഇതുവരെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ സംവിധായകനാണ് രാജമൗലി എന്ന് പൃഥ്വിരാജ് പറഞ്ഞു. മറ്റെല്ലാ അഭിനേതാക്കളും അണിയറപ്രവർത്തകരും സെറ്റിൽ എത്തുന്നതിനേക്കാൾ എത്രയോ മണിക്കൂറുകൾക്ക് മുൻപ് തന്നെ രാജമൗലി ലൊക്കേഷനിൽ എത്തുമായിരുന്നു. രാവിലെ 7 മണിക്ക് താൻ സെറ്റിലെത്തുമ്പോൾ തന്നെ തന്റെ അസിസ്റ്റന്റുമാരെ വെച്ച് റിഹേഴ്സലുകളും ക്യാമറ പ്ലാനിംഗും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ടാകും. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ പുലർച്ചെ 5.15 മുതൽ സെറ്റിലുണ്ടെന്നായിരുന്നു രാജമൗലിയുടെ മറുപടി. വെറും 20 മിനിറ്റ് മാത്രമാണ് അദ്ദേഹം ഉച്ചഭക്ഷണത്തിനായി മാറ്റിവെക്കാറുള്ളതെന്നും, ഷൂട്ടിംഗ് കഴിഞ്ഞ് സെറ്റിൽ നിന്നും ഏറ്റവും ഒടുവിൽ പടിയിറങ്ങുന്നതും ഈ മാസ്റ്റർ ഡയറക്ടർ തന്നെയാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

 

മഹേഷ് ബാബു ‘രുദ്ര’ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ ‘മന്ദാകിനി’ എന്ന നായികാവേഷത്തിൽ പ്രിയങ്ക ചോപ്രയും ഒപ്പമുണ്ട്. വീൽചെയറിൽ സഞ്ചരിക്കുന്ന ‘കുംഭ’ എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. വൻ ബജറ്റിൽ ലോകത്തിന്റെ വിവിധ കോണുകളിലായി ചിത്രീകരണം പുരോഗമിക്കുന്ന ‘വാരണാസി’ 2027 ഏപ്രിൽ 7-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.