Your Image Description Your Image Description

നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗത്തിൽ നിന്ന് ഒരു ഫോൺ കോൾ ലഭിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അവരെ നിങ്ങളുടെ സ്നേഹം അറിയിക്കാൻ നിങ്ങളുടെ ശബ്‍ദത്തിലൂടെയോ, സംഗീതം പ്ലേ ചെയ്തോ പ്രതികരിക്കാൻ കഴിയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇനി ഇതൊരു സയൻസ് ഫിക്ഷനോ ഫാന്‍റസി കഥയോ അല്ല. വളർത്തുമൃഗങ്ങൾക്കായുള്ള ലോകത്തിലെ ആദ്യ സ്‍മാർട്ട്ഫോൺ ഇപ്പോൾ എത്തിയിരിക്കുകയാണ്. ‘പെറ്റ്‌ഫോൺ’ എന്നാണ് ഈ ഫോണിന്‍റെ പേര് വരുന്നത്. ആഗോള ടെക് കമ്പനിയായ ഗ്ലോക്കൽമീ വികസിപ്പിച്ചെടുത്ത പെറ്റ്‌ഫോൺ വളർത്തുമൃഗങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. വളർത്തുമൃഗങ്ങൾക്കായി നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സ്‍മാർട്ട്‌ഫോൺ എന്നാണ് പെറ്റ്ഫോൺ അറിയപ്പെടുന്നത്.

ഈ സ്‍മാർട്ട്‌ഫോണിന് ടു-വേ ആശയവിനിമയം സാധ്യമാക്കുക മാത്രമല്ല, വളർത്തുമൃഗങ്ങളുടെ ചലനങ്ങളും ശബ്‍ദങ്ങളും തിരിച്ചറിയാനും കഴിയും. ഈ പെറ്റ്ഫോൺ ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത് ട്രാക്കിംഗ് തുടങ്ങിയ ഫീച്ചറുകളുമായി വരുന്നു. കഴിഞ്ഞ ദിവസം ഹോങ്കോങ്ങിൽ ഈ പെറ്റ്‌ഫോണിന്‍റെ ലോഞ്ച് പരിപാടി സംഘടിപ്പിച്ചു. ആഗോള മൊബൈൽ കണക്റ്റിവിറ്റി ബ്രാൻഡായ യുക്ലൗഡ് ലിങ്ക് ഗ്രൂപ്പിന്‍റെയും മൊബൈൽ കമ്മ്യൂണിക്കേഷൻസ് ബ്രാൻഡായ സിഎസ്എൽ മൊബൈൽ ലിമിറ്റഡിന്‍റെയും പ്രതിനിധികൾ സംയുക്തമായി പെറ്റ്‍ഫോണിന്‍റെ വിൽപ്പന ലോഞ്ച് ഉദ്ഘാടനം ചെയ്‌തു. ഇന്ന് പെറ്റ് ടെക് വിപണിയിൽ നിരവധി ഉൽപ്പന്നങ്ങൾ ഉണ്ട്. എന്നാൽ വളർത്തുമൃഗങ്ങൾക്കും ഉടമകൾക്കും ഇടയിൽ എവിടെ നിന്നും ലൈവ് ടു-വേ കോളും മൃഗ പരിചരണവും സാധ്യമാക്കുന്ന ലോകത്തിലെ ആദ്യ സ്‍മാർട്ട്ഫോണായി പെറ്റ്‌ഫോൺ വേറിട്ടുനിൽക്കുന്നു. പരമ്പരാഗത വെയറബിൾ ഡിവൈസുകളുടെ പരിമിതികൾ പെറ്റ്‍ഫോൺ ഭേദിക്കുന്നു. ഉടമകളും അവരുടെ വളർത്തുമൃഗങ്ങളും തമ്മിലുള്ള വൈകാരിക ആശയവിനിമയത്തിന്‍റെ ഒരു പുതിയ യുഗത്തിലേക്ക് പെറ്റ്‍ഫോൺ നയിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.

ഔട്ട്ഡോർ ട്രാക്കിംഗ് അല്ലെങ്കിൽ സ്റ്റാറ്റിക് ഹെൽത്ത് മോണിറ്ററിംഗ് എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ പെറ്റ് ടെക്ക് ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് പെറ്റ്‍ഫോൺ എന്ന് കമ്പനി പറയുന്നു. നടത്തം, യാത്ര, ഔട്ടിംഗുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ പോലും പെറ്റ്‍ഫോൺ സ്ഥിരതയുള്ള പൊസിഷനിംഗും ലൈവ് ടു-വേ കോളിംഗും നൽകുന്നു. ആറ് ലെയറുകളുള്ള കൃത്യമായ പൊസിഷനിംഗും എഐ പെരുമാറ്റ തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ച്, ചലിച്ചുകൊണ്ടിരിക്കുന്ന വളർത്തുമൃഗങ്ങളുടെ ഉയർന്ന കൃത്യതയുള്ള ട്രാക്കിംഗ് പെറ്റ്‍ഫോൺ നിലനിർത്തുന്നു. കൂടാതെ വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ ഉടമകളെ കോൾ ചെയ്യാനും ഈ ഫോൺ അനുവദിക്കുന്നു. വളർത്തുമൃഗങ്ങളുടെ ശബ്‍ദങ്ങൾ കേൾക്കാനും അവയോട് പ്രതികരിക്കാനും ഈ സ്‍മാർട്ട്ഫോൺ സഹായിക്കുന്നു.

അതേസമയം 2025 മാർച്ചിൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC)ൽ ആണ് പെറ്റ്ഫോൺ ആദ്യമായി പ്രദർശിപ്പിച്ചത്. വളർത്തുമൃഗങ്ങളുടെ ശബ്‌ദങ്ങൾ തിരിച്ചറിയുന്ന ഒരു കോളറിന്‍റെ രൂപത്തിലാണ് പെറ്റ്‌ഫോൺ വരുന്നത്. ഇതിന്‍റെ സഹായത്തോടെ, വളർത്തുമൃഗ ഉടമകൾക്ക് അവരുടെ മൃഗങ്ങളുടെ മാനസികാവസ്ഥ ട്രാക്ക് ചെയ്യാനും പാവ്‌ടോക്ക്, സൗണ്ട് പ്ലേ സവിശേഷത എന്നിവയുടെ സഹായത്തോടെ അവയെ ബന്ധപ്പെടാനും കഴിയും.

 

 

Related Posts