Your Image Description Your Image Description

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ സ്കൂൾ അധ്യാപകൻ മദ്യപിച്ച് ലക്കുകെട്ട് സ്കൂൾ പരിസരത്ത് തുണിയുടുക്കാതെ കിടന്ന വാർത്തയാണ് നാടിനെ അമ്പരപ്പിക്കുന്നത്. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് സംഭവം. അധ്യാപകൻ പകുതി വസ്ത്രം അഴിച്ചുമാറ്റി കിടക്കുന്ന വീഡിയോ വൈറലായതോടെ ജില്ലാ അധികാരികൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. മൗഗഞ്ചിലെ സർക്കാർ യുപി സ്കൂൾ അധ്യാപകനായ അഞ്ജനി കുമാർ സാകേതിനെയാണ് അധികൃതർ അന്വേഷണത്തിനൊടുവിൽ സസ്‌പെൻഡ് ചെയ്തത്.

അഞ്ജനി കുമാറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാകളക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ ആഴ്ച ആദ്യമാണ് അഞ്ജനി കുമാർ ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ സ്കൂളിലെത്തിയത്. അല്പം കഴിഞ്ഞതോടെ ഗ്രൗണ്ടിൽ ഒരിടത്ത് ബോധമില്ലാതെ വീഴുകയും ചെയ്തു.

ഇതിനിടെ അയാളുടെ ഉടുമുണ്ട് അഴിഞ്ഞുപോയി. അടിവസ്ത്രം മാത്രം ധരിച്ച് ലക്കില്ലാതെ കിടക്കുന്ന ദൃശ്യങ്ങൾ ആരോപകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു. ഇതാണ് വൈറലായത്. ഇയാൾ ആദ്യമായല്ല മദ്യപിച്ച് സ്കൂളിലെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രക്ഷിതാക്കളും നാട്ടുകാരും പലതവണ താക്കീതുനൽകിയെങ്കിലും ഇയാൾ അതുതുടർന്നു. ഇത്തരത്തിൽ ലക്കില്ലാതെ വരുന്ന ഒരാൾ കുട്ടികളെ എങ്ങനെ നല്ലകാര്യങ്ങൾ പഠിപ്പിക്കുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. ഇയാളെ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെടുന്നു.

അതേസമയം കളക്ടറുടെ നിർദ്ദേശപ്രകാരം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വെള്ളിയാഴ്ച കടുത്ത അച്ചടക്കരാഹിത്യവും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു. “സസ്‌പെൻഷൻ ഉടനടി പ്രാബല്യത്തിൽ വരും, നിയമങ്ങൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും,” ഉത്തരവിൽ പറയുന്നു. 1965 ലെ മധ്യപ്രദേശ് സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടങ്ങളിലെ ചട്ടം 9 പ്രകാരമാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ അദ്ദേഹം ജോലിയിൽ നിന്ന് വിട്ടു നിൽ ക്കണമെന്നും അറിയിപ്പുണ്ട്.

Related Posts