Your Image Description Your Image Description

ഹിമാചൽ പ്രദേശ്: കനത്ത മഴയെ തുടർന്ന് ഹിമാചൽ  പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. രവി നദി കരകവിഞ്ഞൊഴുകിയെത്തിയ വെള്ളം കാംഗ്ര, ചമ്പ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. സ്കൂളുകൾ, പഞ്ചായത്ത് കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒലിച്ചുപോയി. പ്രളയത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

മരിച്ചവരെല്ലാം ചമ്പ ജില്ലയിൽ നിന്നുള്ളവരാണ്. വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് ഒമ്പത് വീടുകളെങ്കിലും ഒലിച്ചുപോയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചമ്പയിലെ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലുകളിലാണ് നാല് പേർ മരിച്ചത്.

പിർ പഞ്ചൽ, ധൗലാധർ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമായ ബഡാ ഭംഗലിൽ, പഞ്ചായത്ത് കെട്ടിടം, സർക്കാർ പ്രൈമറി- ഹൈസ്കൂൾ കെട്ടിടങ്ങൾ, സിവിൽ സപ്ലൈസ് സ്റ്റോർ, ആയുർവേദ ഡിസ്പെൻസറി, രണ്ട് പാലങ്ങൾ എന്നിവയടക്കം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. സിവിൽ സപ്ലൈസ് സ്റ്റോറിലും ഡിസ്പെൻസറിയിലും സൂക്ഷിച്ചിരുന്ന റേഷനും മരുന്നുകളും നശിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഗ്രാമത്തിൽ 300-ലധികം താമസക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് സർപഞ്ച് മൻസ റാം ഭംഗാലിയ അറിയിച്ചു. ദുരിതാശ്വാസം എത്തിക്കുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അത് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും ഭക്ഷണത്തിന്റെയും മരുന്നുകളുടെയും കടുത്ത ക്ഷാമം നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ഉൾമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ മൂന്ന് ദിവസത്തെ കാൽനടയാത്രയിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ എന്നതും പുറം ലോകത്തിന് സഹായമെത്തിക്കുന്നതിൽ തടസ്സമാകുന്നുണ്ട്.

Related Posts