തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് മേയർ വി.വി. രാജേഷ്. നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മറ്റു പല ദൈവങ്ങളുടെ പേരിലും പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും അതിനെതിരെ ഞങ്ങൾ പരാതി നൽകിയിട്ടില്ലെന്നും മേയർ പറഞ്ഞു. അടുത്ത സത്യപ്രതിജ്ഞ എപ്പോൾ നടത്തണമെങ്കിലും അതിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇത് ഹൈക്കോടിയിൽ നിന്നുള്ള തിരിച്ചടിയല്ല. കോടതി ഒരു നിരീക്ഷണം നടത്തി വിധി പറഞ്ഞതാണ്. കൗൺസിലർമാർ ആ വിധി അനുസരിക്കും. മുൻപും പലരും ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങൾ പരാതിയുമായി പോയിട്ടില്ല. കോടതി വിധികളെ എപ്പോഴും മാനിക്കുന്നവരാണ് ഞങ്ങൾ. 24 മണിക്കൂറിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ പറഞ്ഞാലും അതിനും ഞങ്ങൾ തയ്യാറാണ്. ഭരണസമിതി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും,” – വി.വി. രാജേഷ് പ്രതികരിച്ചു.
അതേസമയം, മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട സ്ഥാനത്തിരിക്കുന്ന കൗൺസിലർമാർ അതിന് വിരുദ്ധമായ രീതിയിലാണ് അന്ന് പെരുമാറിയതെന്ന് ഹർജി നൽകിയ സിപിഐഎം നേതാവ് എസ്.പി. ദീപക് ആരോപിച്ചു. ആർഎസ്എസിന്റെ നേതൃത്വത്തിൽ ഗണഗീതം പാടിക്കൊണ്ടായിരുന്നു അന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതെന്നും, മതവും വിശ്വാസവും വ്യക്തിപരമായ കാര്യങ്ങളായിരിക്കെ അത് രാഷ്ട്രീയത്തിനായി ഉപയോഗിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
