കൊച്ചി: കുടുംബങ്ങളിലെ സാമ്പത്തിക തീരുമാനങ്ങളിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെങ്കിലും വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ താരതമ്യേന പിന്നിലാണെന്ന് എച്ച്ഡിഎഫ്സി ലൈഫ് പുറത്തിറക്കിയ ‘റെഡി ഫോർ ലൈഫ് 2025’ റിപ്പോർട്ട്. ഇൻഷുറൻസ്, ലഘു സമ്പാദ്യ പദ്ധതികൾ, നിക്ഷേപങ്ങൾ എന്നീ മേഖലകളിലാണ് കുറവുള്ളത്. സാമ്പത്തികമായി സജ്ജരാണെന്ന് വിശ്വസിക്കുന്നവർ 84 ശതമാനമാണ്. ഇവരിൽ 58 ശതമാനം സ്ത്രീകൾ മാത്രമേ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരുങ്ങിയിട്ടുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ശതമാനത്തിന്റെ വലിയ അന്തരമാണ് റിപ്പോർട്ടിലുള്ളത്. രാജ്യത്തെ ടയർ 2, ടയർ 3, മെട്രോ നഗരങ്ങളിലെ 22നും 55നും ഇടയിൽ പ്രായമുള്ള 1836 ആളുകളെയാണ് പഠനവിധേയമാക്കിയത്. ഗവേഷണ ഏജൻസിയായ ഇപ്സോസ് ഇന്ത്യയുമായി ചേർന്നാണ് എച്ച്ഡിഎഫ്സി ലൈഫ് റിപ്പോർട്ട് തയ്യാറാക്കിയത്.
സാമൂഹിക സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സ്ത്രീകൾ സാമ്പത്തിക തീരുമാനങ്ങളിലെത്തുന്നത്. മക്കളുടെ വിദ്യാഭ്യാസം, വീടിന്റെ ഉടമസ്ഥത തുടങ്ങിയ ഹ്രസ്വവും ദീർഘവുമായ കാര്യങ്ങൾക്ക് സ്ത്രീകൾ ഏറെ പ്രാധാന്യം നൽകുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 35 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 40 ശതമാനം സ്ത്രീകളും മക്കളുടെ വിദ്യാഭ്യസ ലക്ഷ്യങ്ങൾക്കുവേണ്ടി സമ്പാദ്യം വിനിയോഗിക്കുന്നതായാണ് കണക്ക്. വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിലും സ്ത്രീകൾ മുൻപന്തിയിലാണ്. 33 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 37 ശതമാനം സ്ത്രീകൾ വീടിന്റെ കാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ചും ടേം ഇൻഷുറൻസിനെക്കുറിച്ചും കൃത്യമായ അവബോധമുള്ള സ്ത്രീകളുടെ നിരക്ക് 43 ശതമാനമാണ്. വീട് വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കൊപ്പം ദീർഘകാല സാമ്പത്തിക ആസൂത്രണവും നടത്താൻ കെൽപ്പുള്ള രീതിയിൽ സ്ത്രീകൾ സാമ്പത്തിക കാര്യങ്ങളിൽ പ്രാവീണ്യം നേടണമെന്ന് എച്ച്ഡിഎഫ്സി ലൈഫ് എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ വിനീത് അറോറ പറഞ്ഞു. നിക്ഷേപങ്ങളെക്കുറിച്ചും ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചുമുള്ള അവബോധം സ്ത്രീകളിൽ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
