Home » Blog » Kerala » മുഹറം അവധി മാറ്റി സതീശന്‍ സര്‍ക്കാര്‍; ഒന്നും മിണ്ടാതെ മുസ്ലിം സംഘടനകള്‍
WhatsApp Image 2026-06-24 at 11.29.48

വ്യാഴാഴ്ചയുള്ള മുഹറം അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി സതീശന്‍ സര്‍ക്കാര്‍. ഇന്നലെ വൈകിയാണ് മുഹറം അവധി മാറ്റുന്ന ഉത്തരവ് ഇറക്കിയത്. കലണ്ടറില്‍ നാളെ അവധി ദിവസമാണ്. ഈ ദിവസം പ്രവര്‍ത്തി ദിവസമാക്കി മാറ്റിയാണ് ഉത്തരവ് ഇറക്കിയത്. സാധാരണ ഗതിയില്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരാറുള്ളതാണ്. മുഹറം അടുത്ത ദിവസത്തേക്ക് മാറ്റുമ്പോള്‍ നിലവിലെ ഒഴിവ് ദിനത്തില്‍ മാറ്റം വരുത്തരുതെന്നാണ് സമുദായ സംഘടനകളും മുസ്ലിം ലീഗും അടക്കം ആവശ്യപ്പെടാറ്. എന്നാല്‍ മുഹറം അവധി മാറ്റി ഉത്തരവിറക്കിയിട്ടും മുസ്ലിം സംഘടനകള്‍ക്ക് മിണ്ടാണ്ടമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ അവധിയുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും ഒരു പുനര്‍വിചിന്തനം വന്നതുമില്ല.

പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോഴൊക്കെ ഈ രീതിയില്‍ പെരുന്നാള്‍ ഉള്‍പ്പെടെ മാറുമ്പോള്‍ നിലവിലെ അവധി ഒഴിവാക്കാതെ അടുത്ത ദിവസം കൂടി അവധി അനുവദിക്കുകയാണ് ചെയ്തത്. ഈ കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് അവധി അനുവദിക്കാറ്. എന്നാല്‍ ഇക്കുറി ഒരു സംഘടനയും ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചില്ലെന്നത് ശ്രദ്ധേയമാണ്. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാന്‍ ഒരു ഭാഗത്ത് ഉറച്ച് നിന്നത് മുസ്ലിം ലീഗായിരുന്നു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വരുന്നതിനു എത്രയോ മുന്‍പ് തന്നെ മുഖ്യമന്ത്രി സതീശന്‍ തന്നെയായിരിക്കും എന്ന് പ്രഖ്യാപിച്ചതാണ് മുസ്ലിം ലീഗ്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ ഇത് പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് എങ്ങനെയാണ് ഇടപെടുന്നത് എന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ അമര്‍ഷം വെളിയില്‍ വരുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗിന് എന്ത് കാര്യം എന്ന് തുറന്നടിച്ച മാത്യു കുഴല്‍നാടനെ തെരുവില്‍ നേരിട്ടുകൊണ്ടാണ്‌ ലീഗ് ഇതിനു മറുപടി നല്‍കിയത്. മുഖ്യമന്ത്രി സ്ഥാനം കൊതിച്ച് കരുക്കള്‍ നീക്കിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് കടുത്ത ആഘാതമായിരുന്നു ഈ നീക്കം.

തിരഞെടുപ്പില്‍ യുഡിഎഫിനെ നയിച്ച ആള്‍ തന്നെ മുഖ്യമന്ത്രീ ആകട്ടെ എന്ന ലീഗ് തീരുമാനം തന്നെയാണ് വേണുഗോപാലിന്റെയും രമേശ്‌ ചെന്നിത്തലയുടെയും സാധ്യതകള്‍ ഇല്ലാതാക്കിയതും. അതുകൊണ്ട് തന്നെ ലീഗിന്റെ മുഖ്യമന്ത്രി എന്ന ഇമേജില്‍ തന്നെയാണ് സതീശന്‍ മുന്നോട്ടു പോകുന്നതും. എന്തായാലും മുഹറം അവധി വെട്ടിക്കുറച്ച കാര്യത്തില്‍ ലീഗ് നേതൃത്വത്തില്‍ അസംതൃപ്തിയുണ്ടാകാന്‍ സാധ്യതകള്‍ ഏറെയാണ്‌. യുഡിഎഫ് പ്രതിപക്ഷതതായപ്പോള്‍ വരെ ഇത്തരം ഘട്ടങ്ങളില്‍ രണ്ട് അവധികള്‍ തന്നെയാണ് പിണറായി സര്‍ക്കാര്‍ അനുവദിച്ചത്. ലീഗിന്റെയും മുസ്ലിം സംഘടനകളുടെയും അമര്‍ഷം വെളിയില്‍ വരുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്തായാലും സതീശന്റെ മദ്യനയത്തില്‍ അതൃപ്തി രേഖപ്പെടുത്തി ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

ലഹരിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നേതൃത്വം നല്‍കുന്ന ഓപ്പറേഷന്‍ തൂഫാന് പിന്തുണയറിയിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഈ അതൃപ്തി അറിയിക്കല്‍. രമേശ്‌ ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കുമ്പോള്‍ സതീശനോടുള്ള അതൃപ്തി തന്നെയാണ് ലേഖനത്തില്‍ തെളിയുന്നത്. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ നാട് ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ ബജറ്റിലെ മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ കഴിയണമെന്നാണ് സാദിഖലി തങ്ങള്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തിരുന്നു പിഎം ശ്രീയെ എതിര്‍ത്ത് ഭരണപക്ഷത്തിരുന്നു നടപ്പാക്കുന്നതിലും ലീഗിലും അമര്‍ഷമുണ്ട്.

വിദ്യാഭ്യാസ വകുപ്പ് ലീഗ് കൈകാര്യം ചെയ്യുമ്പോള്‍ തന്നെയാണ് തൊടുന്യായം പറഞ്ഞും എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നത്. മദ്യത്തിനു നികുതി കുറച്ചതിലും പിഎം ശ്രീ പദ്ധതിയിലും ലീഗില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഈ കാര്യങ്ങളില്‍ ലീഗ് നേതൃത്വം ഒളിച്ചുകളിക്കുകയാണ് എന്നാണ് ഉയരുന്ന ആരോപണം. ഈ രണ്ട് വിഷയങ്ങളിലും പാര്‍ട്ടി സമ്മര്‍ദ്ദത്തിലുമാണ്. ഇതിന്റെ തെളിവാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ലേഖനം. എന്തായാലും സതീശനും ലീഗും തമ്മിലുള്ള മധുവിധു തെറ്റിപ്പിരിയുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.