Home » Blog » kerala Max » വാണിയപ്പാറത്തട്ടിലെ വിവാദ കല്ലറ തുറന്നു; കണ്ട കാഴ്ച ഇങ്ങനെ
iritty vaniyapparathattu church

കോഴിക്കോട് ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നതോടെ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം അല്ലെന്നു വ്യക്തമായി. വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹമാണോ അത് എന്ന സംശയം ബന്ധുക്കൾ ഉയർത്തിയിരുന്നു. എന്നാല്‍ ഇതില്‍ മൃതദേഹമില്ലെന്നും കല്ലറയിൽ കണ്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളിൽ നിന്നും പുറത്തേക്ക് വന്നതാണെന്ന നിഗമനത്തിലേക്ക് ആണ് പോലീസ് എത്തിയത്. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹമാണോ എന്ന കാര്യത്തിലുള്ള ആശങ്ക നീങ്ങിയെങ്കിലും കാണാതായ സിജോ സ്കറിയക്ക് എന്ത് സംഭവിച്ചു എന്നതിലുള്ള അവ്യക്തത തുടരുകയാണ്.

കഴിഞ്ഞയാഴ്ച്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കാൻ 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുപുറത്ത് അസ്വാഭാവിക രീതിയിൽ പായ കണ്ടത്. സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചെങ്കിലും രണ്ട് മൃതദേഹങ്ങൾ മാത്രമായിരുന്നു കല്ലറയിൽ അടക്കം ചെയ്തിരുന്നത്. തുടർന്നാണ് ദുരൂഹത നീക്കുവാൻ പള്ളി അധികൃതർ അന്വേഷണം ആവശ്യപ്പെട്ടത്. ഇതോടെ ആർഡിഒയുടെ നേതൃത്വത്തിലാണ് കല്ലറ തുറന്നു പരിശോധന നടത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാറില്ല. അതുകൊണ്ടാണ് പള്ളി അധികൃതർ പോലീസിനെ വിവരം അറിയിച്ചത്. ഈ കല്ലറയിൽ അടക്കംചെയ്തവരുടെ പട്ടിക പരിശോധിച്ചപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ നിലയിലുള്ള വസ്തുവിന്റെ സൂചനകൾ ലഭിച്ചില്ല.

2006-ലും 2015 ലും ആണ് ഈ കല്ലറയിൽ മറ്റ് രണ്ട് സംസ്‌ക്കാരങ്ങൾ നടന്നത്. 2006 ൽ കല്ലറയിൽ സംസ്‌കരിച്ച ആളുടെ കുടുംബങ്ങൾ ഇടവകയിലെ താമസക്കാരായിരുന്നു. ഇവരുടെ പക്കൽ ഫോട്ടോയും ഉണ്ടായിരുന്നു. 2015-ൽ കല്ലറയിയിൽ അടക്കം ചെയ്തവരുടെ കുടുംബങ്ങൾ വാണിയപ്പാറത്തട്ട് ഇടവക വിട്ട് പേരാവൂർ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു. ഈ കുടുംബത്തിലെ ജെയിംസിന്റെ മൃതദേഹമാണ് കല്ലറയിൽ രണ്ടാമതായി സംസ്‌കരിച്ചത്. ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിലെത്തിച്ച്, പോലീസ് കല്ലറ ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പായയിലെ മൃതദേഹത്തിന്റെ ദുരൂഹത നീങ്ങിയെങ്കിലും സിജോ സ്കറിയയുടെ തിരോധനമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

2014 അവസാനത്തോടെ സിജോ അച്ഛനും അമ്മയുമായി പിണങ്ങി ഭാര്യയേയും കുഞ്ഞിനെയും കൂട്ടി വാണിയപ്പാറ തട്ടിലുള്ള ഭാര്യ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അതിന് ശേഷം സ്വന്തം കുടുംബക്കാരുമായി സിജോ ബന്ധപ്പെട്ടിരുന്നില്ല. കാണാതായ അന്ന് രാത്രി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇരിട്ടിയിലാണ് ഉള്ളതെന്നും പിറ്റേദിവസം എത്തുമെന്നും ഭാര്യയെ അറിയിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്കീയത് 2021-ലാണ്.

സിജോ സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും ഭാര്യവീട്ടിലാണെന്ന് സ്വന്തം വീട്ടുകാരും കരുതി. സിജോയുടെ ബന്ധുക്കളിൽ ചിലർ വാണിയപ്പാറയിലെത്തിയതോടെ രണ്ട് വീട്ടിലും സിജോ ഇല്ലെന്ന വിവരവും ലഭിച്ചു. ഇതേത്തുടർന്നായിരുന്നു കുറ്റ്യാടി പോലീസിൽ പരാതി നൽകിയത്. എന്നാല്‍ ഈ അന്വേഷണം മുന്നോട്ടു പോയതുമില്ല. ഇപ്പോള്‍ സിജോയുടെ ദുരൂഹമായ കാണാതാകലാണ് ചര്‍ച്ചയാകുന്നത്.