Your Image Description Your Image Description

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ ആദ്യമായി അവതരിപ്പിച്ച് വാഹനപ്രേമികളെ ഏറെ ആകർഷിച്ച മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ് യുവി ആണ് ഇ വിത്താര. ഏറെ നാളുകളായി കാത്തിരിക്കുന്ന ഇ വിത്താര
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോ​ഗമിക്കുകയാണ്. ലോകമെമ്പാടുമുള്ള വിപണികൾക്കായി ഇത് ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.

ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് കാർ നിർമാണ യൂണിറ്റും ലിഥിയം-അയൺ ബാറ്ററി നിർമാണ പ്ലാന്റും ആ​ഗസ്റ്റ് 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ഈ പദ്ധതി യാഥാർഥ്യമാവുകയാണ്. കമ്പനിയുടെ ​ഗുജറാത്തിലുള്ള ഹൻസൽപുർ പ്ലാന്റാണ് ചരിത്രനിമിഷത്തിന്റെ ഭാ​ഗമാകുന്നത്.

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുകയും ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. കൂടാതെ, ഈ ഇലക്ട്രിക് എസ്‌യുവിക്കും മറ്റ് ഹൈബ്രിഡ് വാഹനങ്ങൾക്കുമുള്ള ബാറ്ററി പാക്കുകളും ഇനി ഗുജറാത്തിൽ നിർമിക്കും. ഇ-വിത്താര സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ള ഹാർടെക്ട്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിൽ ഇ-വിത്താര വിപണിയിൽ എത്തും. ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എൽഎഫ്പി.(ലിഥിയം അയേൺ ഫോസ്‌ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്.

49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും.

ഇ-വിത്തരായുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയർ ആക്സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ഏകദേശം 20 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ഇ-വിത്താര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര BE6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി ZS EV തുടങ്ങിയ മോഡലുകളായിരിക്കും പ്രധാന എതിരാളികൾ.

Related Posts