Your Image Description Your Image Description

മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക്‌സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ. നായ, പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ഉത്തമം. മുറിവുകഴുകുന്ന വ്യക്തി നിർബന്ധമായും കൈയുറ ധരിക്കണം. ഇങ്ങനെ കഴുകിയാൽ ഭൂരിഭാഗം അണുക്കളും ഇല്ലാതാകും.

മുഖം, കഴുത്ത്, കൈകൾ എന്നീ ഭാഗങ്ങളിൽ കടിയേറ്റാൽ നാഡികളിലൂടെ വൈറസ് വളരെ പെട്ടെന്ന് തലച്ചോറിലെത്താൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മുറിവ് അമർത്തുകയോ, ഉരച്ച് കഴുകുകയോ, കെട്ടിവെക്കുകയോ ചെയ്യരുത്.

മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ, ഉമിനീരുമായി സമ്പർക്കമോ വന്നാൽ ഉടൻതന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം കുത്തിവെപ്പ് എടുക്കണം. കടിയേറ്റ ദിവസത്തിനു പുറമേ 3,7,28 ദിവസങ്ങളിൽ കുത്തിവെപ്പ് എടുക്കണം. നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ വാക്‌സിൻ എടുക്കണം. മുഴുവൻ ഡോസും പൂർത്തിയാക്കണം.

ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് , ജനറൽ, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജിലും വാക്‌സിൻ(ഐ.ഡി.ആർ.വി.) സൗജന്യമായി ലഭിക്കും. മുറിവിന്റെ സ്ഥാനം, ആഴം എന്നിവ അനുസരിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം ഇമ്മ്യൂണോഗ്ലോബുലിൻ കൂടി എടുക്കേണ്ടതാണ്. ജില്ലയിൽ മെഡിക്കൽ കോളേജ്, കോട്ടയം ജനറൽ ആശുപത്രി, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്ഥാനആശുപത്രി. പാമ്പാടി, കുറുവിലങ്ങാട്, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്.

Related Posts