Home » Blog » Kerala » ‘തായ് മാമൻ ഗോൾഡ് റിങ് സ്‌കീം’ : മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 മുതൽ പ്രാബല്യത്തിൽ; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം
4

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ ഗോൾഡ് റിങ് സ്‌കീം’ യാഥാർത്ഥ്യമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ സർക്കാർ വകയിരുത്തും. പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പേരറിഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ 2026 സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നവജാത ശിശുവിന് അമ്മയുടെ സഹോദരൻ സമ്മാനങ്ങളും അനുഗ്രഹങ്ങളും നൽകുന്ന തമിഴ് പാരമ്പര്യ ചടങ്ങായ ‘തായ് മാമൻ സീർ’ എന്ന ആചാരത്തിൽ നിന്നാണ് പദ്ധതിക്ക് പ്രചോദനമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഈ പദ്ധതിയിലൂടെ സർക്കാർ തന്നെ ഒരു അമ്മാവന്റെ പങ്ക് ഏറ്റെടുത്ത്, ജനിക്കുന്ന ഓരോ കുഞ്ഞിനും സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനിക്കുമെന്ന് സർക്കാർ അറിയിച്ചു. തമിഴ് സംസ്കാരത്തെ സംരക്ഷിക്കുന്നതിനൊപ്പം നവജാത ശിശുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് പിന്തുണയാകുമെന്നും വിലയിരുത്തപ്പെടുന്നു. തമിഴക വെട്രി കഴകത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘തായ് മാമൻ ഗോൾഡ് റിങ് സ്‌കീം’.