Your Image Description Your Image Description

കോട്ടയം: തേങ്ങയുടെ വില റോക്കറ്റ് വിട്ടപോലെ കുതിച്ചുയർന്നപ്പോൾ വെളിച്ചെണ്ണ വില കൂടി ഒപ്പം മറ്റൊരാളും വിഐപിയായി. ചിരട്ടയാണ് നാട്ടിൻ പുറങ്ങളിലെ ഇപ്പോഴത്തെ താരം. തേങ്ങയും വെളിച്ചെണ്ണയും സൂക്ഷിക്കുന്നത് പോലെ ഇപ്പോൾ ചിരട്ടയും സൂക്ഷിച്ചു വെക്കണം. പുറത്തുവെച്ചാൽ കൊത്തിക്കൊണ്ടുപോകും. വീടുകളിൽനിന്ന് ഇപ്പോൾ ചിരട്ടമോഷണം പതിവായിട്ടുണ്ട്. കരിവെള്ളൂർ ഓണക്കുന്നിൽ ശ്രീലക്ഷ്മി ബേക്കറി നടത്തുന്ന പി.വി.നാരായണൻ കോമരത്തിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മോഷണം പോയത് 10,000 രൂപയോളം വിലയുള്ള ചിരട്ടയാണ്.

ബേക്കറി ആവശ്യത്തിനായി വീടിനടുത്തുള്ള പുരയിൽ സൂക്ഷിച്ചതായിരുന്നു 20 ചാക്ക് ചിരട്ട. എല്ലാം പല സ്ഥലങ്ങളിൽനിന്നായി വാങ്ങിയവ. മകൻ നവീൻ ഗൾഫിൽനിന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീ വീട്ടിൽനിന്ന് ചാക്കുമായി പോകുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിരട്ട മോഷണം അറിയുന്നത്. 12 ചാക്ക് ചിരട്ട കൊണ്ടുപോയിരുന്നു. പല ദിവസങ്ങളിലായാണ് ചിരട്ട കൊണ്ടുപോയത്

മോഷണം നടത്തിയ നാടോടി സ്ത്രീയുടെ ഫോട്ടോ സിസിടിവിയിലുണ്ടെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒരു ചിരട്ടയുടെ വിപണി വില ഒരുരൂപയാണ്. നാലുമാസത്തിനുള്ളിൽ ചിരട്ടവില വലിയതോതിൽ കൂടിയിട്ടുണ്ട്. ഒരുകിലോ ചിരട്ടയ്ക്ക് ഇപ്പോൾ 25 മുതൽ 30 രൂപ വരെ കിട്ടും. കയറ്റുമതി കൂടിയതാണ് ചിരട്ടയുടെ വിലവർധനയുടെ പിന്നിലെന്ന് കർഷകർ പറയുന്നു.

Related Posts