Your Image Description Your Image Description

പെര്‍പ്ലെക്‌സിറ്റി എഐയ്ക്ക് പിന്നാലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മറ്റൊരു സമ്മാനം കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഭാരതി എയര്‍ടെല്‍ പ്രീപെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ മ്യൂസിക്കിലേക്ക് സൗജന്യ ആക്സസ് ലഭ്യമായിത്തുടങ്ങി എന്നാണ് ടെലികോം ടോക്കിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. മുമ്പ് എയര്‍ടെല്‍ പോസ്റ്റ്‌പെയ്‌ഡ്, ബ്രോഡ്‌‌ബാന്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ആപ്പിള്‍ മ്യൂസിക്ക് നിരക്കുകളേതുമില്ലാതെ ലഭ്യമായിരുന്നത്. ഇപ്പോള്‍ പല പ്രീപെയ്‌ഡ് ഉപഭോക്താക്കള്‍ക്കും ആപ്പിള്‍ മ്യൂസിക് ഓഫര്‍ എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ ദൃശ്യമായതായി ടെലികോം ടോക്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും ആപ്പിള്‍ മ്യൂസിക് ആക്സസ് സംബന്ധിച്ച് എയര്‍ടെല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കാനുള്ള യോഗ്യതകള്‍ എന്തൊക്കെയെന്ന് വ്യക്തമല്ല.

അതേസമയം ആറ് മാസത്തേക്കാണ് എയര്‍ടെല്‍ പ്രീപെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ മ്യൂസിക് സൗജന്യമായി ലഭ്യമാകുന്നത് എന്നാണ് എയര്‍ടെല്‍ താങ്ക്സ് ആപ്പിലെ ബാനര്‍ വിശദമാക്കുന്നത്. ഈ പരിധിക്ക് ശേഷം മാസം 119 രൂപ നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനാകും. ആപ്പിള്‍ മ്യൂസിക് സൗജന്യമായി ലഭ്യമാണോയെന്ന് എയര്‍ടെല്‍ താങ്ക്സ് ആപ്പിള്‍ പ്രവേശിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ഗുണകരമാകും. മുമ്പ്, 2025 ഫെബ്രുവരി മാസം മുതല്‍ ബ്രോഡ്‌ബാന്‍ഡ്, പോസ്റ്റ്‌പെയ്‌ഡ് യൂസര്‍മാര്‍ക്ക് ആപ്പിള്‍ ടിവി+, ആപ്പിള്‍ മ്യൂസിക് സൗകര്യം എയര്‍ടെല്‍ ആരംഭിച്ചിരുന്നു. എഐ സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റി പ്രോ ഒരു വര്‍ഷക്കാലം എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും (മൊബൈല്‍, വൈ-ഫൈ, ഡിടിഎച്ച്) സൗജന്യമായി ഉപയോഗിക്കാമെന്ന പ്രഖ്യാപനം ജൂലൈ മാസം വന്നിരുന്നു.

പെര്‍പ്ലെക്‌സിറ്റിയുമായി സഹകരിച്ച് എയര്‍ടെല്‍ 12 മാസത്തേക്ക് 17,000 രൂപ വിലയുള്ള സബ്‌സ്‌ക്രിപ്ഷനാണ് ഉപഭോക്താക്കള്‍ക്ക് ഫ്രീയായി നല്‍കുന്നത്. പെര്‍പ്ലെക്‌സിറ്റി ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ഒരു വര്‍ഷക്കാലം ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയും ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസാണ്.

Related Posts