Your Image Description Your Image Description

പഠനത്തോടൊപ്പം കുട്ടികളുടെ കലാവൈദഗ്ധ്യവും തൊഴില്‍ പരിശീലനവും കോര്‍ത്തിണക്കിയുള്ള ക്രിയേറ്റീവ് കോര്‍ണര്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക്. സമഗ്ര ശിക്ഷ കേരളയും (എസ്എസ്‌കെ) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും (കുസാറ്റ്) ചേര്‍ന്ന് ആരംഭിച്ച പദ്ധതിക്ക് സ്വീകാര്യത ലഭിച്ചതോടെ പുതുതായി ജില്ലയിലെ 32 വിദ്യാലയങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഒരു സ്‌കൂളില്‍ 5.5 ലക്ഷം രൂപയാണ് എസ്.എസ്.കെ ഇതിനായി ചെലവിടുന്നത്.

 

5,6,7 ക്ലാസുകളിലെ കുട്ടികള്‍ ക്ലാസ് റൂമില്‍നിന്ന് നേടിയെടുത്ത ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുള്ള നൂതന കര്‍മ പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എസ്എസ്‌കെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ അധ്യയന വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ ജില്ലയിലെ 23 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ക്രിയേറ്റീവ് കോര്‍ണറുകളുള്ളത്.

കൃഷി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ്, പ്ലംബിങ്, ഫാഷന്‍ ഡിസൈനിങ്, പാചകം, മരപ്പണി എന്നീ ഏഴ് മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇതിനായി അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സിലബസിലുള്ള തൊഴില്‍ ഭാഗങ്ങളെ പ്രവൃത്തിയിലൂടെ പരിചയപ്പെടുത്താന്‍ ഇതുവഴി സാധിക്കുന്നു. ഗണിതം, അടിസ്ഥാനശാസ്ത്രം, സാമൂഹിക ശാസ്ത്രം വിഷയങ്ങളിലും പ്രവൃത്തി പരിചയത്തിലുമുള്ള ആശയങ്ങള്‍ അനുയോജ്യമായ തൊഴില്‍ മേഖലകളുമായി ബന്ധിപ്പിക്കുക വഴി ജീവിത നൈപുണികള്‍ വികസിക്കുകയും വിവിധ തൊഴില്‍ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ധാരണയുണ്ടാകുകയും ചെയ്യുന്നു. കുട്ടികളുടെ ക്രിയാത്മകതയും ചിന്താശേഷിയും സര്‍ഗാത്മകതയും ഒരുപോലെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് ക്രിയേറ്റീവ് കോര്‍ണറിലൂടെ നടക്കുന്നത്.

സംസ്ഥാനത്താകെ നടപ്പാക്കിയ പദ്ധതിയുടെ രണ്ടാംഘട്ടം കോഴിക്കോട് ജില്ലയിലെ 32 വിദ്യാലയങ്ങളില്‍ ഉടന്‍ ആരംഭിക്കുമെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ കുസാറ്റിലെ പരിശോധനാ സംഘം സന്ദര്‍ശനം നടത്തുമെന്നും സമഗ്രശിക്ഷാ ജില്ലാ കോഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അറിയിച്ചു.

Related Posts