Your Image Description Your Image Description

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ വ്യാജരേഖ ഉപയോഗിച്ചെന്ന് പരാതി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് പരാതി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്‍റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ആരുടേയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ല. ഈ പഴുത് ഉപയോഗിച്ച് ചിലര്‍ എസ്എസ്എല്‍സി ബുക്കിന്‍റെ പകര്‍പ്പ് ജനന തീയതി തിരുത്തി ഹാജരാക്കി. 2007 ജനുവരി 1 ശേഷം ജനിച്ചവരും പേര് ചേര്‍ക്കാൻ അപേക്ഷ നല്‍കി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്.

എഞ്ചിനീയറിംഗ്‌ സൂപ്രണ്ട് ഷിബു അഹമ്മദിനാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നത്. ഹിയറിംഗ് ചുമതലയില്‍ നിന്നും ഉദ്യോഗസ്ഥനെ മാറ്റി. വ്യാജരേഖ സമർപ്പിച്ചതിനെതിരെ നഗരസഭ സെക്രട്ടറിയാണ് മലപ്പുറം പൊലീസിൽ പരാതി നൽകിയത്. വ്യാജ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ ഡിവൈഎഫ്ഐയെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം എസ് പിക്കും ജില്ലാ കളക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മുസ്ലീം ലീഗ് പരാതി നല്‍കി. അതേസമയം, ആരോപണം നിഷേധിച്ച് ഡി വൈ എഫ് ഐ രം​ഗത്തെത്തി. വിഷയത്തില്‍ സംസ്ഥാന ഇലക്ഷൻ കമ്മീഷനും ജില്ലാ കലക്ടറും നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.

 

 

Related Posts