Your Image Description Your Image Description

ലണ്ടൻ: ബലാത്സം​ഗക്കേസിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. പാകിസ്ഥാൻ ‘എ’ ടീമംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ബലാത്സം​ഗ പരാതിയെ തുടർന്ന് മത്സരം നടക്കുന്നതിനിടെ ​ഗ്രൗണ്ടിൽ നിന്നാണ് ഹൈദർ അലിയെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ താരത്തെ സസ്പെൻഡ് ചെയ്തതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും അറിയിച്ചു. അന്വേഷണ വിധേയമായാണ് നടപടി.

ഓഗസ്റ്റ് മൂന്നിന് ബ്രിട്ടനിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഹൈദറിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത ശേഷം ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. കണ്ണീരോടെയാണ് ഗ്രൗണ്ടിൽ നിന്നും ഹൈദർ പോയതെന്നും താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അറസ്റ്റിനിടെ താരം പറയുന്നുണ്ടായിരുന്നു. കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും തങ്ങളെ അറിയിച്ചതായും അന്വേഷണം പൂർത്തിയാകുന്നതുവരെ ഹൈദറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വ്യക്തമാക്കി. സംഭവത്തിൽ ബോർഡ് സ്വന്തം നിലയിലും അന്വേഷണം നടത്തുമെന്ന് പിസിബി വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

ജൂലൈ 17 മുതൽ ഓഗസ്റ്റ് 6 വരെ ബ്രിട്ടനിൽ പര്യടനം നടത്തിയ പാകിസ്ഥാൻ ‘എ’ ടീമായ ഷഹീൻസ് രണ്ട് ത്രിദിന മത്സരങ്ങളാണ് കളിച്ചത്. ക്യാപ്റ്റൻ സൗദ് ഷക്കീലും ഹൈദർ അലിയും ഒഴികെയുള്ള മിക്ക കളിക്കാരും ബുധനാഴ്ച ബ്രിട്ടനിൽനിന്ന് മടങ്ങി. 24 കാരനായ ഹൈദർ പാക്കിസ്ഥാനു വേണ്ടി രണ്ട് ഏകദിനങ്ങളും 35 ട്വന്റി20 രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2020 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിലും പാക്കിസ്ഥാനു വേണ്ടി കളിച്ചു. 2021-ൽ അബുദാബിയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പിസിബി ഹൈദറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

പാകിസ്ഥാന്റെ ചരിത്രത്തിൽ താരങ്ങൾക്കെതിരെ ഇതിനു മുൻപും കേസും അറസ്റ്റുമുണ്ടായിട്ടുണ്ട്. 2010ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ സ്പോട് ഫിക്സിങ്ങിന്റെ പേരിൽ മുതിർന്ന താരങ്ങളായ സൽമൻ ഭട്ട്, മൊഹമ്മദ് ആമിർ, മൊഹമ്മദ് ആസിഫ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. അഞ്ചുവർഷത്തേക്ക് മത്സരത്തിൽ നിന്നും വിലക്കു ലഭിച്ച മൂന്നുപേരും കേസിൽ അഴിക്കുളളിലായി.

Related Posts