Your Image Description Your Image Description

തൃശൂര്‍: വോട്ടര്‍പട്ടികയില്‍ തൃശൂരിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയെന്ന് തോന്നുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തൃശൂരില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ വലിയ അട്ടിമറി നടന്നു. അന്യസംസ്ഥാന തൊഴിലാളികളെയും മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ളവരെയും തൃശൂരില്‍ വ്യാപകമായി ചേര്‍ത്തു. വോട്ട് ചേര്‍ത്തുന്നതില്‍ നിയമം ലഘൂകരിച്ചത് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നു. ഇത്തരം അട്ടിമറി തൃശൂര്‍ മണ്ഡലത്തിലും നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നു’, സുനില്‍കുമാര്‍ പറഞ്ഞു

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ കാലം കഴിഞ്ഞപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഇത് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് പരാതി നല്‍കാന്‍ വൈകുന്നതിലും കുഴപ്പമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റായ ഒരു ആരോപണം ഉന്നയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുപ്രീം കോടതി അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പട്ടികയില്‍ വലിയ ക്രമക്കേടുണ്ടെന്ന് രാഹുല്‍ ഗാന്ധി ഇന്ന് തെളിവുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.

 

Related Posts