Your Image Description Your Image Description

പനമരം : റോഡ് പണി തുടങ്ങി നാലുവർഷമായിട്ടും നിർമാണം പൂർത്തിയാവാതെ ബീനാച്ചി-പനമരം റോഡ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 50.55 കോടിരൂപ വകയിരുത്തി 2019-ൽ പുനരുദ്ധാരണപ്രവൃത്തികൾ തുടങ്ങിയെങ്കിലും നിർമാണം ഇന്നും പൂർത്തിയാവാതെ കിടക്കുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. നടവയൽ പള്ളിത്താഴെമുതൽ പനമരം പാലം കവലവരെ നീളുന്ന അഞ്ചുകിലോമീറ്ററോളം ഭാഗത്തെ പ്രവൃത്തികൾ വർഷങ്ങൾ പിന്നിട്ടിട്ടും തുടങ്ങാത്തത് പ്രതിഷേധങ്ങൾക്കും ഇടയാക്കുകയാണ്.

പനമരംമുതൽ നടവയൽവരെയുള്ള റോഡിലാകെ കുഴികളാണ്. പാടെ തകർന്ന റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുകയാണ്. കഴിഞ്ഞദിവസംമുതൽ കുഴികൾ താത്‌കാലികമായി അടച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ ശാശ്വതപരിഹാരമാവുന്നില്ല. ഇവ ദിവസങ്ങൾക്കുള്ളിൽ പഴയപടി ആവുകയാണ് പതിവ്. അതിനാൽ റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പുനരുദ്ധാരണത്തിനായി റീ ടെൻഡറും മറ്റും നേരത്തെ നടന്നെങ്കിലും പ്രവൃത്തികൾ മാത്രം അനന്തമായി നീളുകയാണ്. ഇവിടെ ചെറിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത് മാത്രമാണ് ഏക ആശ്വാസം. പുനരുദ്ധാരണം നടന്ന ബീനാച്ചി വരെയുള്ള ഭാഗത്ത് അവസാനമിനുക്കുപണികൾ നടത്താത്തത് റോഡ് തകരാൻ ഇടയാക്കുന്നുമുണ്ട്.23 കിലോമീറ്ററോളം നീളുന്ന റോഡിന്റെ പുനരുദ്ധാരണം ബീനാച്ചിഭാഗത്തുനിന്നാണ് തുടങ്ങിയത്. തുടക്കത്തിൽ കേണിച്ചിറവരെയുള്ള ഇടവിട്ട ഭാഗങ്ങളിൽ പൊളിച്ചിട്ട് പിന്നീട് ടാറിങ്ങ് നടത്തി. എന്നാൽ അരിവയൽമുതൽ ബീനാച്ചിവരെയുള്ള മൂന്നു കിലോമീറ്ററോളം വരുന്ന ഭാഗത്ത് റോഡ് പഴയപോലെ കിടക്കുകയാണ്.

ഇവിടെ ടാറിങ്‌ പ്രവൃത്തികൾ ഒന്നും ഇതുവരെ കരാറുകാർ നടത്തിയിട്ടില്ല. നമ്പീശൻകവലയിൽ 100 മീറ്ററോളം പൊളിച്ചു ലോക്കൽ ടാറിങ്ങ് നടത്തിയിരുന്നു. എന്നാൽ ഇവ തകർന്ന അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *