Home » Blog » Kerala » ‘Useless Fellows’ മിണ്ടാതിരിക്കൂ.. രാജ്യം മുഴുവൻ നിങ്ങളുടെ കൈപ്പിടിയിലായെന്നാണോ വിചാരം?; ‘ഡി.കെ, ഡി.കെ’ യെന്ന് മുദ്രാവാക്യം വിളിച്ചവരെ വിരട്ടി മല്ലികാർജുൻ ഖാർഗെ
11

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങിനിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടി പരിപാടികളിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഖാർഗെ, അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച നടന്ന ചടങ്ങിൽ ഖാർഗെ പ്രസംഗിക്കുന്നതിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ ‘ഡി.കെ… ഡി.കെ…’ എന്ന് മുദ്രാവാക്യം മുഴക്കിയത്. ഇതോടെ പ്രകോപിതനായ ഖാർഗെ, പരിപാടി തടസ്സപ്പെടുത്തിയവരെ ‘ഒന്നിനും കൊള്ളാത്തവർ’ (Useless Fellows) എന്ന് വിശേഷിപ്പിച്ചു.

“മിണ്ടാതിരിക്കൂ, താഴെ ഇരിക്കൂ. രാജ്യം മുഴുവൻ നിങ്ങളുടെ കൈപ്പിടിയിലായെന്നാണോ വിചാരം? ഒന്നിനും കൊള്ളാത്തവർ” – ഖാർഗെ തുറന്നടിച്ചു.

ഇതൊരു വ്യക്തിക്കുവേണ്ടിയുള്ള പരിപാടിയല്ലെന്നും കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ചടങ്ങാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. “പാർട്ടിയെ ശക്തിപ്പെടുത്താനും ഐക്യപ്പെടുത്താനുമാണ് എല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഒരാൾ ഒരു പേരും മറ്റൊരാൾ മറ്റൊരു പേരും വിളിച്ച് കൂവിക്കൊണ്ടിരുന്നാൽ ബാക്കിയുള്ളവർ ഇവിടെ ചപ്പുചവറുകൾ തൂക്കാനാണോ വന്നത്?” എന്നും ഖാർഗെ ചോദിച്ചു.

പാർട്ടിയിൽ അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും, പരിധിവിട്ട പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ചവരുടെ ദൃശ്യങ്ങൾ പരിശോധിച്ച് കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി. അതേസമയം, സാഹചര്യം ശാന്തമാക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ ഇടപെട്ടു. പ്രവർത്തകരോട് ശാന്തരാകാൻ ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.