Home » Blog » kerala Max » ബേബിയെ തിരുത്തി പിണറായിയും ഗോവിന്ദനും; സിപിഎമ്മില്‍ നേതാക്കള്‍ ചേരിതിരിയുന്നു
cpm

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിലെ പുകച്ചില്‍ തുടരുന്നു. തളിപ്പറമ്പില്‍ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയ നടപടി തെറ്റായെന്നു പരസ്യ വിലയിരുത്തല്‍ നടത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിയെ തിരുത്തി പിബി അംഗങ്ങളായ പിണറായി വിജയനും എം.വി.ഗോവിന്ദനും രംഗത്തുവന്നതോടെ സിപിഎമ്മിലെ ചേരിതിരിവ്‌ ശക്തമാവുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വിലയിരുത്തലിനെയാണ് പിബി അംഗങ്ങള്‍ ഒറ്റക്കെട്ടായി തള്ളിയെന്നതും ശ്രദ്ധേയമാണ്.

പാർട്ടി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തികളെ കുറിച്ച് പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ ബേബി നടത്തിയ വിമര്‍ശനം തള്ളിക്കളഞ്ഞത്. ‘തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പകൽവെളിച്ചം പോലെ ജനങ്ങളുടെകൈയിയിലുണ്ട്. അതാണ് സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ഏകകണ്ഠമായി അംഗീകരിച്ച രേഖ. ആ രേഖയിൽ ഏതെങ്കിലും വ്യക്തികളെ സംബന്ധിച്ച് പരാമർശിച്ചിട്ടില്ല. പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അങ്ങനെയാണ് പാര്‍ട്ടി എല്ലാ സന്ദര്‍ഭങ്ങളിലും കാര്യങ്ങള്‍ പരിശോധിക്കുന്നത് എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഗോവിന്ദന്റെ പ്രതികരണത്തോട് അനുകൂലമായി തന്നെയാണ് പിബി അംഗമായ പിണറായി വിജയനും പ്രതികരിച്ചത്.

ഏതെങ്കിലും വ്യക്തികള്‍ അല്ല തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം. പാര്‍ട്ടിയുടെ വിലയിരുത്തല്‍ അങ്ങനെയല്ല എന്ന് പറഞ്ഞാണ് ഗോവിന്ദനെ പിണറായി പ്രതിരോധിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചേരിതിരിവ്‌ ശക്തമാണെന്ന് നേതാക്കളുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ശക്തമായ പ്രതികരണവുമായി മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവുമായ പി.രാജീവും രംഗത്തെത്തിയിരുന്നു. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയെന്നാണ് രാജീവ് പരസ്യമായി പ്രതികരിച്ചത്.

പാര്‍ട്ടി പ്രതിക്കൂട്ടിലായ വിഷയങ്ങളില്‍ തുറന്ന വിമര്‍ശനം തന്നെയാണ് രാജീവ് നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ, അപ്പോൾത്തന്നെ പാർട്ടി നടപടിയെടുക്കേണ്ടതായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങളല്ല നോക്കേണ്ടിയിരുന്നതെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട് എന്നാണ് രാജീവ് പറഞ്ഞത്. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാജീവിന്റെ തുറന്നടിക്കല്‍. ഇതേ പരിപാടിയില്‍ വച്ചാണ് തളിപ്പറമ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ പിഴവുപറ്റി എന്നാണ് ബേബി പറഞ്ഞത്.

ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നുവെന്നാണ് ബേബി പറഞ്ഞത്. ബേബിയും രാജീവുമൊക്കെ ഒരു ചേരിയായി മാറുകയാണ്. ആരൊക്കെ ഈ ചേരിയിലേക്ക് മാറും എന്നതും തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തുമോ എന്നതുമൊക്കെയാണ് സിപിഎമ്മിലെ നേതാക്കള്‍ തന്നെ ഉറ്റുനോക്കുന്നത്.