Home » Blog » Kerala » 93 മണിക്കൂർ ചാർജ് നിൽക്കും! കരുത്തുറ്റ ബാറ്ററിയുമായി ഹോണറിന്റെ പുതിയ സ്മാർട്ട്ഫോൺ വിപണിയിലേക്ക്
hq720

സ്മാർട്ട്‌ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണറിന്റെ പുതിയ മോഡൽ എത്തുന്നു. ഹോണർ 600 സീരീസിലെ ‘ഹോണർ 600 സ്മാർട്ട് 5ജി’ ഉടൻ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫ്രാൻസിലെ ഹോണറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ‘കമിംഗ് സൂൺ’ എന്ന ടാഗോടെ ഫോൺ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഒരു ടെലികോം റീട്ടെയിലർ വെബ്സൈറ്റിലൂടെ ഫോണിന്റെ വിലയും നിർണ്ണായകമായ സവിശേഷതകളും ഇതിനകം പുറത്തുവന്നത് ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

7,700mAh ശേഷിയുള്ള വമ്പൻ ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. 45W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഈ ബാറ്ററി ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 93 മണിക്കൂർ വരെ ബാറ്ററി ലൈഫും 28 മണിക്കൂർ വരെ തുടർച്ചയായ വീഡിയോ സ്ട്രീമിംഗും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6.87 ഇഞ്ച് വലുപ്പമുള്ള HD+ LCD ഡിസ്പ്ലേയിൽ 1,020 നിറ്റ്സ് വരെ തെളിച്ചം ലഭിക്കും. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്പ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. 4GB റാമും 128 ജിബി സ്റ്റോറേജുമാണ് ഇതിലുള്ളത്. ഹോണറിന്റെ റാം ടർബോ സാങ്കേതികവിദ്യയുടെ സഹായത്തോടെ റാം ശേഷി 12 ജിബി വരെ വികസിപ്പിക്കാനും സാധിക്കും.

ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്‌സൽ പ്രധാന സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന IP64 റേറ്റിംഗും, ദൈനംദിന ഉപയോഗത്തിനിടയിൽ വീഴ്ചകളെ ചെറുക്കാൻ SGS പ്രീമിയം ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്. കറുപ്പ്, വെള്ള നിറങ്ങളിൽ എത്തുന്ന ഫോണിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക എഐ ബട്ടണും മികച്ച ശബ്ദാനുഭവത്തിനായി ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഫ്രാൻസിലെ ടെലികോം ഓപ്പറേറ്ററായ SFR-ന്റെ ലിസ്റ്റിംഗ് പ്രകാരം, 4GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 219 യൂറോയാണ് വില. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 23,000 രൂപയോളം വരും. ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വളരെ വേഗം തന്നെ ഫോൺ വിപണിയിൽ എത്തുമെന്നാണ് ടെക് ലോകം കരുതുന്നത്.