Your Image Description Your Image Description

മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ എല്ലാ മോഡലുകള്‍ക്കും ആറ് എയര്‍ബാഗ് സുരക്ഷ ലഭ്യമാക്കിയിരുന്നു. പുതിയ സുരക്ഷാ ഫീച്ചറുകള്‍ വന്നതോടെ ഫ്രോങ്‌സിന്റെ വില 7.59 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ(എക്‌സ് ഷോറൂം) വരെയായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഫ്രോങ്ക്സിന്റെ ഡെല്‍റ്റ+, സെറ്റ, ആല്‍ഫ എന്നീ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമായിരുന്നു ആറ് എയര്‍ബാഗ് സുരക്ഷ ഉണ്ടായിരുന്നത്.

ഇനി മുതല്‍ അടിസ്ഥാന വകഭേദങ്ങളായ സിഗ്മ, ഡെല്‍റ്റ എന്നിവയിലും ആറ് എയര്‍ബാഗുകള്‍ ലഭിക്കും. പുതിയ സുരക്ഷാ സൗകര്യങ്ങള്‍ എത്തിയതോടെ ഫ്രോങ്ക്സിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഡെല്‍റ്റ+ പെട്രോള്‍ വകഭേദം ഒഴികെയുള്ള മോഡലുകളിലാണ് 4000 രൂപയുടെ വിലവര്‍ധനവുണ്ടായിരിക്കുന്നത്.

ഇഎസ്പി വിത്ത് ഹില്‍ഹോള്‍ഡ്, എല്ലാ സീറ്റുകളിലും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും മുന്നറിയിപ്പ് സംവിധാനവും, കുട്ടികളുടെ സീറ്റിനായി ISOFIX ആങ്കറേജുകള്‍ എന്നിവയും അധിക സുരക്ഷയൊരുക്കുന്നു. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ സെറ്റ വകഭേദം മുതലാണ് ലഭ്യമായിട്ടുള്ളത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് എത്തുക. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 90 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

1.0 ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്. നാച്ചുറലി അസ്പയേഡ് പെട്രോള്‍ വകഭേദത്തിന് എഎംടി ഓപ്ഷനും ടര്‍ബോ പെട്രോളില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഓപ്ഷനുമുണ്ട്. അടിസ്ഥാന വകഭേദമായ സിഗ്മയിലും ഡെല്‍റ്റയിലും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റും ലഭ്യമാണ്.

Related Posts