Your Image Description Your Image Description

ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. ജേർസിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമൊത്താണ് ഗൗതം അടുത്ത സിനിമ ചെയ്യുന്നത്. ‘കിങ്ഡം’ എന്ന സിനിമ ജൂലൈ 31 ന് പുറത്തിറങ്ങും. ചിത്രത്തെക്കുറിച്ച് സംഗീത സംവിധായകൻ അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഗംഭീര സിനിമയാണ് കിങ്‌ഡമെന്നും ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നുമാണ് സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ അനിരുദ്ധ് പറഞ്ഞത്.

‘എന്റെ സ്റ്റുഡിയോയിൽ ഒരുപാട് സിനിമകളുടെ വർക്കുകൾ തുടർച്ചായി ഇങ്ങനെ നടക്കുകയാണ്. സാധാരണയായി ഒരു സിനിമയുടെ റിലീസിന് അഞ്ച് ദിവസം മുൻപ് ഒരു സിനിമയുടെ ഹീറോ നമ്മളെ വിളിച്ച് അത് റെഡി ആയോ ഇത് റെഡി ആയോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്നാൽ വിജയ് എനിക്ക് മെസ്സേജ് അയച്ചത് നിങ്ങൾ നന്നായി ഉറങ്ങണം റെസ്റ്റ് എടുക്കണം, കാരണം അതാണ് പ്രധാനം എന്നാണ്. വിജയ് ദേവരകൊണ്ടയുടെ നല്ല മനസിനെയാണ് അത് സൂചിപ്പിക്കുന്നത്. കിങ്ഡം ഞാൻ കണ്ടു. ഉറപ്പായും ഈ സിനിമ വിജയുടെയും എന്റെയും ഗൗതമിന്റെയും കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് എനിക്ക് ഉറപ്പാണ്’, അനിരുദ്ധിന്റെ വാക്കുകൾ.

അതേസമയം ചിത്രത്തിൻ്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്ലറിലെ ഹൈലൈറ്റ്. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്.

Related Posts